ചെന്നൈ: മുൻ കേന്ദ്രസഹമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഇ.വി.കെ.എസ് ഇളങ്കോവൻ(75) അന്തരിച്ചു. തമിഴ്നാട് പിസിസിയുടെ മുൻ അധ്യക്ഷനായിരുന്നു. മൻമോഹൻ സിംഗ് സർക്കാരിൽ ടെക്സ്റ്റെയിൽസ് സഹമന്ത്രിയായിരുന്നു. ഈറോഡ് ഈസ്റ്റ് മണ്ഡലത്തിലെ എംഎൽഎ ആണ്.
ഇളങ്കോവന്റെ മകൻ തിരുമകൻ മരിച്ച ഒഴിവിലേയ്ക്ക് 2023 ജനുവരിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് ഇളങ്കോവൻ വീണ്ടും എംഎൽഎ ആയത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക ഡിഎംകെ സഖ്യ സ്ഥാനാർഥി ആയിരുന്നു ഇളങ്കോവൻ. ചെന്നൈയിൽ ഇന്ന് രാവിലെ 10:15നായിരുന്നു അന്ത്യം
മകൻറെ മരണത്തിന് ശേഷമാണ് ഇവികെഎസ് ഇളങ്കോവൻ നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചത്. ഒരേ നിയമസഭയുടെ കാലയളവിൽ മകനും അച്ഛനും മരിക്കുന്നത് അപൂർവസംഭവമാണ്.
ജയലളിതയുടെ വിമർശകൻ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട നേതാവാണ് ഇളങ്കോവൻ. ഗ്രൂപ്പിസം ശക്തമായ തമിഴ്നാട് കോൺഗ്രസിൽ സമവായത്തിൻറെ വക്താവായിരുന്നു ഇദ്ദേഹം.
നെഹ്‌റു കുടുംബത്തോട് അടുപ്പം പുലർത്തിയ നേതാവായിരുന്നു. 2014ൽ രാഹുൽ ഗാന്ധി ഇളങ്കോവനെ പിസിസി അധ്യക്ഷൻ ആക്കി. എ കെ ആൻറണി സമിതിയുടെ റിപ്പോർട്ടിനെ തുടർന്നായിരുന്നു നിയമനം. അധികാരത്തിൽ പങ്ക് വേണമെന്ന് ആവശ്യപ്പെട്ടത് കരുണാനിധിയെ ചൊടിപ്പിച്ചിരുന്നു