ധരംശാല: സ്പിന്നർ രവിചന്ദ്രൻ അശ്വിനെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യന്‍ മുൻ താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. താൻ വിളിച്ചപ്പോൾ ഫോൺ എടുത്തില്ലെന്നാണ് താരത്തിന്റെ പരാതി. മുതിർന്ന താരങ്ങളെ ബഹുമാനമില്ലെന്നും അദ്ദേഹം ആരോപിച്ചു.
കരിയറിലെ നൂറാം ടെസ്റ്റിനായി നാളെ ഇറങ്ങുന്ന അശ്വിന് ആശംസകൾ നേരാനാണ് താൻ വിളിച്ചത്. എന്നാൽ അശ്വിൻ ഫോൺ കട്ട് ചെയ്തു. മുൻ താരങ്ങളോട് ഇപ്പോഴത്തെ കളിക്കാർ ഇങ്ങനെയാണ് പെരുമാറുന്നതെന്നും ശിവരാമകൃഷ്ണന്‍ ആരോപിച്ചു. മുമ്പും അശ്വിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇന്ത്യൻ മുൻ താരം രംഗത്തെത്തിയിരുന്നു.
പന്ത് കുത്തിത്തിരിയുന്ന ഇന്ത്യന്‍ പിച്ചുകളില്‍ ആർക്കും വിക്കറ്റ് വീഴ്ത്താനാവും. ഫീല്‍ഡറെന്ന നിലയില്‍ അശ്വിന്‍ ഇന്ത്യന്‍ ടീമിന് വലിയ ബാധ്യതയാണ്. ഇന്ത്യൻ ടീമില്‍ ഒട്ടും ഫിറ്റ്നെസില്ലാത്ത കളിക്കാരനാണ് അശ്വിനെന്നും ശിവരാമകൃഷ്ണന്‍ ആരോപിച്ചിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സിൽ ധോണിക്ക് കീഴിൽ കളിച്ചതുകൊണ്ടാണ് അശ്വിൻ ഇന്ത്യൻ ടീമിലെത്തിയത്. അന്നത്തെ ഇന്ത്യൻ ക്യാപ്റ്റനായിരുന്ന ധോണിയുടെ സ്വാധീനമാണ് അശ്വിന് ദേശീയ ടീമിലേക്ക് വഴിതുറന്നതെന്നും ലക്ഷ്മൺ ശിവരാമകൃഷ്ണൻ വിമർശിച്ചിരുന്നു.