തിരുവനന്തപുരം: ഇരുതലമൂരിയുമായി പിടിയിലായവരെ രക്ഷിക്കാൻ കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് റേഞ്ച് ഓഫീസർ വിജിലൻസിന്റെ പിടിയിൽ. പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൽ. സുധീഷ്‌കുമാറിനെയാണ് കൈക്കൂലിക്കേസിൽ വിജിലൻസ് പിടികൂടിയത്.
2023-ൽ സുധീഷ്‌കുമാർ പരുത്തിപ്പാറ ഫോറസ്റ്റ് റേഞ്ച് ഓഫീസറായിരിക്കുമ്പോൾ രജിസ്റ്റർചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ്. സുധീഷ്‌കുമാറിനെതിരേ അനധികൃത സ്വത്തുസമ്പാദന കേസിലും വിജിലൻസിന്റെ അന്വേഷണം നടക്കുന്നുണ്ട്.
ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാൾ നേരത്തെ പരുത്തിപ്പാറ റേഞ്ച് ഓഫീസർ ആയിരുന്നു. അക്കാലത്ത് നടന്ന കേസിലെ പ്രതികളെയാണ് പണം വാങ്ങി രക്ഷിക്കാൻ ശ്രമിച്ചത്.
ഇരുതലമൂരിയെ കടത്തിയ കേസിൽ തമിഴ്‌നാട് സ്വദേശികളായ പ്രതികളെ രക്ഷിക്കാൻ ഒന്നരലക്ഷത്തോളം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇതിലെ രണ്ട് പ്രതികളുടെ ബന്ധുക്കളിൽ നിന്ന് നേരിട്ടും ഗൂഗിൾ പേ വഴിയും സുധീഷ് കുമാർ പണം വാങ്ങിയിരുന്നു. കോടതിയിൽ ഹാജരാക്കിയ റേഞ്ച് ഓഫീസറെ പിന്നീട് റിമാൻഡ് ചെയ്തു.
സുധീഷ്‌കുമാറിനെതിരേ വനംവകുപ്പിന്റെ വിജിലൻസ് അന്വേഷണവും നിലവിൽ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സസ്പെൻഷൻ നടപടി നേരിട്ടെങ്കിലും കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് വാങ്ങുകയായിരുന്നു.
തിരിച്ച് പരുത്തിപ്പള്ളിക്ക് തൊട്ടടുത്ത പ്രധാന റേഞ്ചായ പാലോട് തന്നെ ഇയാൾക്ക് നിയമനം നൽകിയതിൽ വനംവകുപ്പിനെതിരേ ആരോപണം ഉയർന്നിരുന്നു.