ന്യൂഡൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പു’മായി ബന്ധപ്പെട്ട ഉന്നതതലസമിതി യോഗം ഈ മാസം 23ന് ചേരും. പാർലമെന്റ് സമ്മേളനത്തിനുശേഷമാണ് യോഗം ചേരുക. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉന്നതല സമിതിയുടെ സമ്പൂർണ യോഗമാണ് ചേരുകയെന്ന് സമിതി അധ്യക്ഷൻ റാംനാഥ് കോവിന്ദ് വ്യക്തമാക്കി. ഇതിനായി ബന്ധപ്പെട്ട എല്ലാ അംഗങ്ങളും ഡൽഹിയിലുണ്ടാകണമെന്നും അദ്ദേഹം നിർദേശം നൽകി. നയം നടപ്പിലാക്കുന്നതിലെ നിയമവശങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. എല്ലാ അംഗങ്ങളുടെയും അഭിപ്രായങ്ങൾ സമിതി പരിഗണിക്കും. കേന്ദ്ര നിയമമന്ത്രി അർജുൻ മേഘ്‌വാൾ പ്രത്യേക ക്ഷണിതാവായി യോഗത്തിൽ പങ്കെടുക്കും.
‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ വിഷയം പഠിക്കാൻ എട്ടംഗ സമിതി രൂപവത്കരിച്ചിരുന്നു. മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ആണ് സമിതിയുടെ അധ്യക്ഷൻ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീർ രഞ്‌ജൻ ചൗധരി, ഗുലാം നബി ആസാദ്, ഹരീഷ് സാൽവെ, എൻ.കെ.സിങ്, ഡോ.സുഭാഷ് കശ്യപ്, സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിൽ അംഗങ്ങളായിട്ടുള്ളത്. ഇതിനു മുൻപ് റാംനാഥ് കോവിന്ദ്, അമിത് ഷാ, അർജുൻ മേഘ്‌വാൾ എന്നിവർ മാത്രമായി ചർച്ചകൾ നടത്തിയിരുന്നു. കേന്ദ്ര സർക്കാർ പാർലമെന്റ് സമ്മേളനം വിളിക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് പഠിക്കുന്നതിനായി സമിതിയെ നിയോഗിച്ചത്.
Also Read: നടി അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചു