ബംഗളൂരു: ഗോവധ നിരോധന നിയമത്തിലെ കര്‍ശന വ്യവസ്ഥകളില്‍ മാറ്റം കൊണ്ടുവരാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍. നിയമം ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള മാറ്റങ്ങള്‍ ആലോചനയിലുണ്ടെന്ന് മൃഗസംരക്ഷണ മന്ത്രി കെ വെങ്കിടേഷ് വ്യക്തമാക്കി. കാളകളെ അറവ് ശാലകളില്‍ കൊണ്ട് പോയി കൊല്ലാമെങ്കില്‍ എന്തുകൊണ്ട് പ്രായാധിക്യം വന്ന പശുക്കളെ കൊന്നുകൂടാ എന്നും മന്ത്രി ചോദിക്കുന്നു. ഒരു പ്രായം കഴിഞ്ഞ പശുക്കളെ ഒഴിവാക്കാന്‍ കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്. പ്രായാധിക്യം വന്നോ അസുഖം വന്നോ ചത്തതിനെ കുഴിച്ചിടാന്‍ പോലും പല കര്‍ഷകര്‍ക്കും ബുദ്ധിമുട്ടാണ്. ഇവ ചത്തതെങ്ങനെ എന്ന് കൃത്യമായി വ്യക്തമാക്കിയില്ലെങ്കില്‍ അറസ്റ്റുള്‍പ്പടെ നിയമത്തിന്റെ നൂലാമാലകള്‍ ഭയക്കേണ്ട സ്ഥിതിയാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വരേണ്ടതുണ്ടെന്നും മന്ത്രി മൈസുരുവില്‍ വ്യക്തമാക്കി.
2020-ല്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ഗോവധനിരോധന നിയമഭേദഗതിയില്‍ പശുക്കളെ കൊല്ലുന്നത് ക്രിമിനല്‍ കുറ്റമാക്കി മാറ്റിയിരുന്നു. പശുവിനെ കൊല്ലുകയോ പശുവിറച്ചി സൂക്ഷിക്കുകയോ ചെയ്യുന്നുണ്ടോ എന്നറിയാന്‍ പൊലീസിന് വാറന്റില്ലാതെ പരിശോധനയ്ക്ക് ഭേദഗതിയില്‍ അനുമതിയുണ്ട്. അങ്ങനെ കണ്ടെത്തിയാല്‍ തടവുശിക്ഷയും അഞ്ച് ലക്ഷം വരെ പിഴയുമുള്‍പ്പടെ ശിക്ഷ ലഭിക്കുന്ന വകുപ്പുകള്‍ ചുമത്താനും ഈ ഭേദഗതി അനുമതി നല്‍കുന്നു