മുംബൈ: ഏറെ ആരാധകരുടെ മുംബൈ ഇന്ത്യൻസിനെതിരെ ആരാധക രോഷം പുകയുകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിൽ രോഹിത്തിന്റെ നായക സ്ഥാനത്തേക്ക് ഹാര്‍ദിക്കിനെ കൊണ്ട് വന്നത് ഇനിയും അവർക്ക് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഗുജറാത്ത് ടൈറ്റന്‍സിനെ അരങ്ങേറ്റ സീസണില്‍ കപ്പിലേക്കെത്തിക്കുകയും അവസാന സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്ത നായകനാണ് ഹാര്‍ദിക് പാണ്ഡ്യ. മികച്ച നായകൻ ആണെങ്കിലും ഹർദിക്കിന്റെ മടങ്ങി വരവ് മുംബൈ ആരാധകരോടൊപ്പം സഹതാരങ്ങൾക്കും അത്ര ഇഷ്ടപ്പെട്ടിട്ടില്ല.
സമൂഹ മാധ്യമങ്ങളിലടക്കം മുംബൈക്കെതിരെ വലിയ പ്രതിഷേധം ആണ് ഉയരുന്നത്. 24 മണിക്കൂറിനുള്ളിൽ ഇൻസ്റ്റഗ്രാമിൽ നഷ്ടപ്പെട്ടത് 8 ലക്ഷത്തിൽ അധികം ഫോളോവേഴ്സിനെയാണ്. മുംബൈ ഇന്ത്യൻസ് ടീമിന്റെ തൊപ്പിയും ജഴ്സിയും ആരാധകർ കത്തിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. shameonMI, RIPMUMBAIINDIANS തുടങ്ങിയ ഹാഷ്ടാഗുകളും തരംഗമാകുകയാണ്.
ഹാര്‍ദിക്കിനെ സ്വാഗതം ചെയ്ത് മുംബൈ ഇന്ത്യന്‍സ് പോസ്റ്റിട്ടെങ്കിലും ടീമിലെ മറ്റൊരു താരവും ഹാര്‍ദിക്കിന്റെ മടങ്ങിവരവിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇതില്‍ നിന്ന് തന്നെ ഹാര്‍ദിക്കിന്റെ തിരിച്ചുവരവില്‍ മുംബൈ താരങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്ന് വ്യക്തം. രോഹിത്തിന് ശേഷം നായകസ്ഥാനം സ്വപ്‌നം കണ്ടിരുന്നവരാണ് സൂര്യകുമാര്‍ യാദവും ജസ്പ്രീത് ബുംറയും. സൂര്യകുമാര്‍ ഇന്ത്യന്‍ ടീമിനെയടക്കം നയിച്ച് മികവ് കാട്ടിയിട്ടുണ്ട്. എന്നാല്‍ മുംബൈ ടീം മാനേജ്‌മെന്റിന് സൂര്യയെ നായകനാക്കുന്നതില്‍ താല്‍പര്യമില്ല. ബുംറയേയും ക്യാപ്റ്റന്‍സി ഏല്‍പ്പിക്കാന്‍ ടീം മാനേജ്‌മെന്റ് ഒരുക്കമല്ല. രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് പിന്നാലെ സൂര്യകുമാര്‍ യാദവ് തകര്‍ന്ന ഹൃദയത്തിന്റെ ചിത്രം പങ്കുവെച്ചിരുന്നു. ഇതിലൂടെത്തന്നെ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തില്‍ സൂര്യക്ക് അതൃപ്തിയുണ്ടെന്ന് മനസിലാക്കാം.
അതേസമയം, നായക സ്ഥാനം നഷ്ടപ്പെട്ട രോഹിത് ശര്‍മ ഈ സീസണിന് മുമ്പോ അടുത്ത സീസണിലോ മുംബൈ വിടാന്‍ സാധ്യതയേറെയാണ്. ഡല്‍ഹി ക്യാപിറ്റല്‍സ് രോഹിത്തിനെ വാങ്ങാന്‍ താല്‍പര്യം ഉണ്ടെന്നാണ് വിവരം. കൂടാതെ സിഎസ്‌കെ രോഹിത്തിനെ ആശംസിച്ച് നേര്‍ന്ന പോസ്റ്റിന് രോഹിത്തിന്റെ ഭാര്യ റിതിക നന്ദി സൂചകമായി മഞ്ഞ നിറത്തിലുള്ള ഹൃദയം ഇട്ടതും നിരവധി അഭ്യൂഹങ്ങൾക്കാണ് വഴി വെച്ചിരിക്കുന്നത്.