ചിത്രം പകർത്തി പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ജൂനിയര്‍ ആർട്ടിസ്റ്റ് അആത്മഹത്യ ചെയ്ത സംഭവത്തിൽ തെലുങ്ക് നടന്‍ അറസ്റ്റില്‍. അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയില്‍ പ്രധാന വേഷത്തിലെത്തുന്ന ജഗദീഷ് പ്രദാപ് ബൻഡാരിയെ ആണ് പഞ്ചഗുട്ട പൊലീസ് അറസ്റ്റ് ചെയ്തത്. നടന്റെ മാനസിക പീഡനത്തെ തുടര്‍ന്ന് നവംബര്‍ 29നാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ജീവനൊടുക്കിയത്. പഞ്ചഗുട്ട സ്വദേശിനിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ മരണത്തിലാണ് അറസ്റ്റ്. യുവതിയുടെ ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുമെന്ന് ജഗദീഷ് ഭീഷണിപ്പെടുത്തുകയായിരുന്നു. നവംബര്‍ 27ന് യുവതി ജഗദീഷിനൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ഇയാള്‍ യുവതി അറിയാതെ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെ യുവതി ജീവനൊടുക്കുകയായിരുന്നു. സംഭവത്തില്‍ പഞ്ചഗുട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ജഗദീഷ് ഒളിവില്‍ പോയിരുന്നു. ബുധനാഴ്ച അറസ്റ്റ് ചെയ്ത ഇയാളെ റിമാന്‍ഡ് ചെയ്തു.