പേരാവൂർ : കടുത്ത ചൂടിൽ പാമ്പുകൾ ഈർപ്പംതേടി ഇറങ്ങിയതോടെ ഫൈസൽ തിരക്കിലാണ്. മൂന്നു ദിവസത്തിനുള്ളിൽ നാലു രാജവെമ്പാലകളെയാണ് വിവിധ ഭാഗങ്ങളിൽനിന്നു പിടികൂടിയത്.
കഴിഞ്ഞദിവസം അടയക്കാത്തോട് കോച്ചിക്കുളത്തുനിന്നു പിടികൂടിയ രണ്ടു രാജവെമ്പാലകൾ 12 അടി നീളമുള്ളതായിരുന്നു. ചൂട്കൂടുന്നതോടെ ഫൈസലിന്റെ ഫോണിനും വിശ്രമമുണ്ടാകില്ല. തന്നെ സമീപിക്കുന്നവരുടെ പരിഭ്രാന്തി അകറ്റാൻ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അദ്ദേഹം റെഡിയാണ്.
മൂന്നുവർഷത്തിനകം രണ്ടായിരത്തിലധികം പാമ്പുകളെയാണ് ഫൈസൽ വിളക്കോട് പിടികൂടിയത്. കണ്ണൂർ മാർക്ക് സംഘടനയുടെ പ്രവർത്തകനായ ഫൈസൽ വനംവകുപ്പിൽ താൽക്കാലിക വാച്ചറായി ജോലി ചെയ്യുന്നുണ്ട്. രാജവെമ്പാലകൾ ഇണചേരുന്ന സമയമായതിനാലാണ് മാർച്ച് മാസത്തിൽ രാജവെമ്പാലകളെ കൂടുതലായി കാണുന്നതെന്ന് ഫൈസൽ പറഞ്ഞു.
ഈ സമയത്ത് മലയോര മേഖലയിൽ നിരവധി ഇടങ്ങളിൽനിന്ന് രാജവെമ്പാലകളെ പിടികൂടാറുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇതിനകംതന്നെ 80 രാജവെമ്പാലകളെ പിടികൂടി വനത്തിൽ വിട്ടു.
കാടിറങ്ങുന്ന വന്യമൃഗങ്ങളാൽ പൊറുതിമുട്ടിയവരുടെ മുന്നിലേക്ക് രാജവെമ്പാലകൾ കൂടി എത്തിത്തുടങ്ങിയത് അവരുടെ ഉറക്കം കെടുത്തുകയാണ്. ജീവൻ പണയംവച്ചും പാമ്പിനെ പിടിക്കാനിറങ്ങുന്നത് അവയോടുള്ള ഇഷ്ടം കൊണ്ടാണെന്നു ഫൈസൽ പറഞ്ഞു.
നാട്ടിൻപുറങ്ങളിലെ പാമ്പാട്ടികളും മകുടിയുടെ താളത്തിനൊപ്പം ഫണം വിരിച്ചാടുന്ന പാമ്പുകളും ചെറുപ്രായത്തിൽ ഫൈസലിനു ഏറെ കൗതുകമായിരുന്നു.
പിന്നീട് വീടിനടുത്തുള്ള ചെറുപാമ്പുകളെ പിടിച്ചുതുടങ്ങിയെന്നും രാജവെമ്പാലകളെ പിടിക്കാൻ തുടങ്ങിയിട്ട് മൂന്നുവർഷമെ ആയിട്ടുള്ളു എന്നും ഫൈസൽ പറഞ്ഞു. ഫൈസലിനു പിന്തുണയായി ഭാര്യ ശബാനയും മക്കളായ മുഹമ്മദ് ഷാസിലും ആയിഷ ഐമിനും കൂടെയുണ്ട്.