പെരുമഴയിൽ എല്ലാം മുങ്ങിയാലും കൊച്ചി ബൈപാസ് ഇനി തലയുയർത്തി നിൽക്കും. മഴ മുൻകൂട്ടിക്കണ്ടുള്ള പ്രവർത്തനങ്ങളാണ് ഇതിനു കാരണം. മഴയ്ക്ക് ദിവസങ്ങൾക്കു മുൻപു മാത്രം മഴക്കാല പൂർവ ശുചീകരണം തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങൾക്ക് കൊച്ചി ബൈപാസ് ഒരു മാതൃകയാണ്. ഇടപ്പള്ളി മുതൽ അരൂർ വരെ ബൈപാസിൽ എവിടെയും കാര്യമായ വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്യാത്തതിന്റെ കാരണങ്ങൾ ഇവയാണ്:
മഴക്കാലം മുൻകൂട്ടിക്കണ്ട് നടത്തിയ പ്രവർത്തനങ്ങൾ ഫലം കണ്ടു. മഴയ്ക്കു മുൻപു തന്നെ റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണി സമയ ബന്ധിതമായി പൂർത്തിയാക്കിയിരുന്നു.
മാർഗതടസ്സം ഉണ്ടാക്കുന്ന ബോർഡുകൾ ബാനറുകൾ എന്നിവ നീക്കാം ചെയ്തു.
കാനകളിലെ മാലിന്യം കോരിമാറ്റി. കലുങ്കുകളിലെ തടസ്സങ്ങൾ നീക്കം ചെയ്തു.
പാതയോരത്തെ കാടും പടർപ്പും വെട്ടിമാറ്റി. കാനയിലേക്ക് മഴവെള്ളം എത്തിക്കുന്ന ഓവുചാലുകൾ അടഞ്ഞു പോകുന്നത് ശരിയാക്കാൻ പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നു.
തീവ്രമഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ അറ്റകുറ്റപ്പണികളും ശുചീകരണവും കൂടുതൽ കാര്യക്ഷമമാക്കി
ശുചീകരണം ഒരു മാസം മുൻപേ തുടങ്ങി. 30ൽ പരം തൊഴിലാളികളുടെ രാപകൽ അധ്വാനമാണ് ബൈപാസിനെ പെരുമഴയിലെ വെള്ളക്കെട്ടിൽ നിന്നു രക്ഷിച്ചതെന്ന് കമ്പനി സിഇഒ സഹദേവൻ നമ്പ്യാർ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധകൂടി പതിഞ്ഞാൽ കൂടുതൽ നന്നാക്കാനാകുമെന്നും അദ്ദേഹം പറയുന്നു.









