ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികൾക്കെതിരെ കുരുക്ക് മുറുക്കി കേന്ദ്ര സർക്കാർ. രാജ്യ വ്യാപകമായി പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രം ഇ ഡിയുടെ അപ്രതീക്ഷിത റെയ്ഡ്. ഡിസംബറിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കേണ്ട തെലങ്കാന സംസ്ഥാനത്തെ 14 ഇടങ്ങളിലാണ് റെയ്ഡ്. കൂടാതെ പശ്ചിമ ബംഗാള്‍, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന പുരോഗമിക്കുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ മുന്നിൽ നിർത്തി കേന്ദ്ര സർക്കാർ പ്രതികാര രാഷ്ട്രിയം കളിക്കുകയാണെന്ന് പ്രതിപക്ഷപാർട്ടികൾ ആരോപിച്ചു.
തെലങ്കാനയിലെ ഹൈദരാബാദില്‍ ഭരണകക്ഷിയായ ബിആര്‍എസിന്റെ കേന്ദ്രങ്ങളിലും പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യവസായികളുടെ വീടുകളിലുമായി 14 ഇടങ്ങളിലും പുലർച്ചെയാണ് റെയ്ഡ് ആരംഭിച്ചത്. രണ്ടു ദിവസത്തെ സന്ദർശനത്തിനായി തെലങ്കാനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിആര്‍എസ് നെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.ഇതിന് പിന്നാലെയാണ് റെയ്ഡ് എന്നതും ശ്രദ്ധേയം. കര്‍ണാടകയിലെ ബംഗളുരുവിൽ കോണ്‍ഗ്രസ് നേതാവ് മഞ്ചുനാഥ് ഗൗഡയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് പരിശോധന. മഞ്ചുനാഥ് ഗൗഡയുടെ സ്ഥാപനങ്ങളിൽ ആദായ നികുതി വെട്ടിപ്പ് നടന്നെന്നാണ് ആരോപണം.
പശ്ചിമ ബംഗാളിലെ ഭക്ഷ്യ വിതരണ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ രതിൻ ഘോഷിന്റെ വസതിയിലും 12 ഇടങ്ങളിലും പരിശോധന നടത്തുന്നുണ്ട്. 2014–2018 കാലഘട്ടത്തിൽ സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങൾ വഴി 1500ഓളം പേർക്ക് അനധികൃതമായി തൊഴിൽ നൽകിയെന്നാണ് രതിൻ ഘോഷിനെതിരായ ആരോപണം. മധ്യംഗ്രാം മുൻസിപ്പൽ കോർപറേഷന്റെ ചെയർമാനായിരിക്കെ അനർഹരായവർക്കു തൊഴിൽ വാഗ്ദാനം ചെയ്തു പണം കൈപ്പറ്റിയെന്നും പറയുന്നു. തൊഴിലിനു കോഴ വാങ്ങിയെന്ന കേസുമായി ബന്ധപ്പെട്ടു തൃണമൂൽ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനർജിയെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനിടെയാണ് ബംഗാളിൽ മറ്റൊരു മന്ത്രിയെയും വെട്ടിലാക്കിയത്. തമിഴ്‌നാട്ടിലെ ചെന്നൈയില്‍ മുന്‍കേന്ദ്രമന്ത്രി എസ്. ജഗത്‌രക്ഷകനെയും ഇ ഡി പിടിമുറുക്കിയിട്ടുണ്ട്. ആദായ നികുതി ഉദ്യോഗസ്ഥര്‍ ചെന്നൈ, പോണ്ടിച്ചേരി എന്നിവിങ്ങളിലെ 40 ഓളം കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുന്നത്. നിരവധി മെഡിക്കല്‍ കോളജുകളും ഹോട്ടല്‍ ശൃംഖലയുമുള്ളയാളാണ് ജഗത്‌രക്ഷകന്‍. 2016ല്‍ ആദായ നികുതിയും 2020ല്‍ ഇഡിയും പരിശോധന നടത്തിയിരുന്നു. 80 കോടിയോളം രൂപയുടെ വിദേശ ഇടപാടുകളാണ് അന്ന് മരവിപ്പിച്ചത്.
രാജ്യത്തെ മാധ്യമ സ്ഥാപനങ്ങളെയും കേന്ദ്രം വിടാതെ പിടികൂടിയിട്ടുണ്ട്. മാധ്യമ സ്വാതന്ത്രത്തെ കൂച്ചുവിലങ്ങിടാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമമെന്നോണമാണ് കഴിഞ്ഞ ദിവസം ന്യൂസ് ക്ലിക്കിനെതിരായ നടപടി. ചൈനീസ് ഫണ്ടിങ്ങ് കൈപറ്റിയെന്നാണ് പ്രധാന ആരോപണം. ഇതേ തുടർന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക വസതിയിലും പരിശോധന നടന്നു. ജനറൽ സെക്രട്ടറി എന്ന നിലയിൽ കേന്ദ്രം അനുവദിച്ച കാനിംഗ് റോഡിലെ വസതിയിലാണ് ഇ ഡിയെത്തിയത്. ന്യൂസ്‌ക്ലിക്ക് ജീവനക്കാരൻ ഇവിടെ താമസിച്ചിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ആം ആദ്മി പാര്‍ട്ടി എം പി സഞ്ജയ് സിംഗിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ നീണ്ട റെയ്ഡിന് ശേഷമാണ് അറസ്റ്റ്.
അതേസമയം, റെയ്ഡിന് സഹകരിച്ചില്ലെന്ന പേരില്‍ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് ഇഡിക്ക് താക്കീത് നൽകിയിരിക്കുകയാണ് സുപ്രീം കോടതി. സമൻസിനോട് സഹകരിച്ചില്ല, ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയില്ല എന്നപേരിൽ അറസ്റ്റ് ചെയ്യുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഒരാൾ കുറ്റക്കാരനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ഉത്തമബോധ്യം ഉണ്ടെങ്കിൽ മാത്രമേ അറസ്‌റ്റിലേക്ക് കടക്കാൻ പാടുള്ളൂവെന്നും ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, പി വി സഞ്‌ജയ്‌കുമാർ എന്നിവരുടെ ബെഞ്ച് ഇ ഡിയെ ഓർമ്മിപ്പിച്ചു. അറസ്റ്റ് ചെയ്യുന്നതിനുള്ള കാരണങ്ങൾ വിശദീകരിക്കുന്ന രേഖയുടെ പകർപ്പ് അറസ്റ്റിനു മുമ്പ് കൈമാറേണ്ടത് അനിവാര്യമാണ്. അല്ലാതെയുള്ള അറസ്റ്റുകൾ ഭരണഘടനാവകാശങ്ങളുടെ ലംഘനമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.