ബാഹുബലിയും കെജിഎഫും കാന്താരയുമെല്ലാം കേരളത്തിലെ സ്‌ക്രീനിൽ വന്ന് ആഘോഷമാക്കിയപ്പോൾ കേരളത്തിലെ സിനിമാസ്വാദകരും കൊതിച്ചിട്ടുണ്ടാവും ഇതുപോലൊന്ന്മലയാളത്തിലും വന്നിരുന്നെങ്കിൽ എന്ന്. കൊതിച്ചതിനേക്കാൾ വലുതാണ് എംപൂരാന്റെ രൂപത്തിൽ മലയാളിക്ക് കിട്ടിയത്. വേൾഡ് ക്ലാസ്സ് മൂവി എന്നാണ് സിനിമ കണ്ടിറങ്ങിയ മിക്ക ആളുകളും ഒരേ സ്വരത്തിൽ പറഞ്ഞത്.
ഒരുപക്ഷേ അടുത്തകാലത്തൊന്നും ഒരു മലയാളി പ്രേക്ഷകൻ ഒരു മലയാളസിനിമയ്ക്കുവേണ്ടി ഇതുപോലെ കാത്തിരുന്നിട്ടുണ്ടാവില്ല. അഞ്ചുവർഷത്തോളമാകുന്നു എംപൂരാന്റെ ആദ്യപ്രഖ്യാപനം വന്നിട്ട്. പിന്നീട് ഓരോ ദിവസവും എണ്ണിയെണ്ണി കാത്തിരിക്കുകയായിരുന്നു ഓരോ ശരാശരി സിനിമാ പ്രേമിയും.
ഒടുവിൽ റിലീസ് തീയതി പ്രഖ്യാപിച്ചപ്പോൾ നേരത്തേപറഞ്ഞ കാത്തിരിപ്പ് അക്ഷമയ്ക്ക് വഴിമാറി.പൃഥ്വിരാജും മുരളി ഗോപിയും ഒപ്പം മോഹൻലാലെന്ന സൂപ്പർതാരവും ചേർന്നൊരുക്കിയ ആ അഭ്രകാവ്യം ഒടുവിൽ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്, മോസ്റ്റ് ആന്റിസിപ്പേറ്റഡ് എന്ന വിശേഷണത്തെ അക്ഷരാർത്ഥത്തിൽ തുറന്നുകാട്ടിത്തന്നുകൊണ്ട്.
അന്യഭാഷാ ചിത്രങ്ങളിലൂടെ മാത്രം കണ്ടുവന്ന മേക്കിങ് സ്റ്റൈൽ മലയാളത്തിലും പറ്റുമെന്ന് തെളിയിക്കുകയാണ് പൃഥ്വിരാജ് ഈ ചിത്രത്തിലൂടെ ചെയ്തത്. ഖുറേഷി അബ്രാമിനേയും സയ്ദ് മസൂജദിനേയും അവരെ ചുറ്റിപ്പറ്റിയുള്ള നിഗൂഢമായ ലോകത്തേയുമാണ് എമ്പുരാനിൽ കാണിക്കുന്നത്. എബ്രാമിന് ആരാണ് സയിദ് മസൂദെന്നും തിരിച്ചും വ്യക്തമാക്കപ്പെടുന്നുണ്ട് എമ്പുരാനിൽ.
ശക്തമായ തിരക്കഥ അതിനേക്കാൾ ഒരുപടി മുകളിൽ നിൽക്കുന്ന മേക്കിങ് എന്നുവേണം എമ്പുരാനെക്കുറിച്ച്പറയാൻ. ഒരു സംവിധായകന് തന്റെ ചിത്രത്തിന്മേലുള്ള കാഴ്ചപ്പാട് എന്തായിരിക്കണമെന്ന് എമ്പുരാനിലെ പല രംഗങ്ങളും കാണിച്ചു തരുന്നു. ആദ്യഭാഗമായ ലൂസിഫറിനെ അപേക്ഷിച്ച് നോക്കുമ്പോൾ വളരെ വലുതായിട്ടുണ്ട് ചിത്രത്തിന്റെ ക്യാൻവാസും പ്രധാനസംഭവങ്ങൾ നടക്കുന്ന പശ്ചാത്തലവും.
എമ്പുരാനെ വിശ്വസനീയമായി അവതരിപ്പിക്കാൻ സംവിധായകനും തിരക്കഥാകൃത്തിനും ആയിട്ടുണ്ട്. പൊതുവേ വിദേശരാജ്യങ്ങളിൽ ചിത്രീകരിക്കുന്ന മലയാള സിനിമകൾ സ്ക്രീനിൽ കാണുമ്പോൾ ഒരുതരം അപരിചിതത്വം പ്രേക്ഷകരിൽ തോന്നാറുണ്ട്. എന്നാൽ ആ ഒരു പരിമിതി എമ്പുരാൻ വിജയകരമായി മറികടന്നിട്ടുണ്ട്.
വലിയൊരു മോഹൻലാൽ ഫാൻ ബോയ് ആയ പൃഥ്വിരാജ്, തനിക്ക് കാണാൻ ഇഷ്ടമുള്ള രീതിയിൽ മോഹൻലാലിനെ പ്രസന്റ് ചെയ്യുകയാണ് എമ്പുരാനിലും. പ്രേക്ഷകർക്ക് കയ്യടിക്കാനും ഹരം കൊള്ളാനുമുള്ള മൊമന്റുകളും എമ്പുരാനിൽ ഏറെയാണ്.
എന്നാൽ അതിലപ്പുറം, മലയാളം സിനിമ കണ്ട എക്കാലത്തെയും മികച്ച നടനെ, നടനവൈഭവത്തെ തെല്ലും എക്സ്പ്ലോർ ചെയ്യുന്നില്ല എമ്പുരാൻ. മഞ്ജുവാര്യരുടെ പ്രിയദർശിനി രാംദാസ് ആണ് എമ്പുരാനിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കഥാപാത്രങ്ങളിലൊന്ന്.
ലൂസിഫറിൽ അധികമൊന്നും ചെയ്യാനില്ലാതെയിരുന്ന പ്രിയദർശിനി, എമ്പുരാനിലേക്ക് എത്തുമ്പോഴേക്കും കരുത്താർജ്ജിക്കുന്നുണ്ട്. വളരെ ഗ്രേസ്ഫുളി തന്നെ ആ കഥാപാത്രത്തെ മഞ്ജുവാര്യർ പ്രസന്റ് ചെയ്തിട്ടുമുണ്ട്.
ഓരോ കഥാപാത്രങ്ങളേയും ഖുറേഷി എബ്രാം എന്ന കഥാപാത്രവുമായി ബന്ധിപ്പിച്ചിരിക്കുന്നതും വളരെ ശ്രദ്ധേയമാണ്. അവരുടെ കാഴ്ചപ്പാടിൽ ആരാണ് ഖുറേഷി എബ്രാം എന്ന് പറയുന്നിടത്താണ് സിനിമയുടെ ആകാംക്ഷ കൂടുന്നത്. പൊതുവേ അന്യഭാഷാ സിനിമകളിൽ നായകനെ മറ്റുകഥാപാത്രങ്ങളുടെ വാക്കുകളിലൂടെ അവതരിപ്പിക്കുന്ന എലിവേഷൻ എന്ന സംഗതിയെ എമ്പുരാനിൽ മറ്റൊരു രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ഓരോ കഥാപാത്രങ്ങളുടേയും വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും സ്റ്റീഫൻ എന്ന എബ്രാമിനെ വളരെ ആകാംക്ഷ ജനിപ്പിക്കുന്ന കഥാപാത്രമായി മാറ്റിയിരിക്കുകയാണ് സംവിധായകൻ.
സ്വദേശ-വിദേശ താരങ്ങളുടെ നീണ്ടനിരയാണ് ചിത്രത്തിൽ. എന്നാൽ ഇവർ ഓരോരുത്തർക്കും അവരവർ ചെയ്യേണ്ട ജോലി എന്താണെന്ന് കൃത്യമായി എഴുതിവെച്ചിട്ടുണ്ടെന്ന് സിനിമയിൽ വ്യക്തമാണ്. ഒരു പ്രത്യേക കഥാപാത്രത്തെ ചൂണ്ടിക്കാട്ടി ഇങ്ങനെയൊരാൾ എന്തിനായിരുന്നെന്ന് ചോദിച്ചാൽ അതിനൊക്കെ കൃത്യം ഉത്തരമുണ്ട്.
ഖുറേഷി എബ്രാം അഥവാ സ്റ്റീഫൻ നെടുമ്പള്ളിതന്നെയാണ് എമ്പുരാന്റെയും നെടുംതൂൺ എന്നു പറയാം. നിമിഷങ്ങൾ മാത്രം വന്നുപോകുന്ന ഒരു സ്‌റ്റൈലിഷ് ലുക്കിൽ സ്റ്റീഫനെ അവതരിപ്പിച്ചുകൊണ്ടായിരുന്നു ലൂസിഫർ അവസാനിപ്പിച്ചത്. അന്ന്പ്രേക്ഷകർ ചോദിച്ച ഒരു ചോദ്യമായിരുന്നു ഈ ലുക്കിൽ ഒരു മുഴുനീള പടം വന്നാൽ നല്ലതായിരിക്കില്ലേ എന്ന്. എന്നാൽ പ്രേക്ഷകരുടെ ആ ചോദ്യം പൃഥ്വിരാജും സംഘവും കേട്ടിട്ടുണ്ട് എന്ന് തന്നെ നിസ്സംശയം പറയാം.
കാരണം ചിത്രത്തിൽ മോഹൻലാൽ എന്ന താരത്തെ പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്ന രീതിയെ അതിഗംഭീരം എന്നല്ലാതെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. അടുത്തകാലത്തൊന്നും ഒരു മലയാളി താരത്തിന് ഇത്രയേറെ ശക്തമായ എലിവേഷൻ കിട്ടിയിട്ടില്ലെന്നുതന്നെ പറയാം. പൃഥ്വിരാജിനും സിനിമയിൽ നിറഞ്ഞാടാൻ രംഗങ്ങളേറെയുണ്ടായിരുന്നു.
ഒരു കൊലമാസ് ചിത്രം സംവിധാനംചെയ്ത് അതിൽ മുഖ്യകഥാപാത്രങ്ങളിലൊന്നായി എത്തുക എന്നത് അത്ര എളുപ്പമുള്ള പണിയല്ല. എന്നാൽ ആ വെല്ലുവിളി ഇവിടെ പൃഥ്വിരാജ് എന്ന നടനും സംവിധായകനും നിഷ്പ്രയാസം മറികടന്നിട്ടുണ്ടെന്ന് പറയാം. സയിദ് മസൂദും സ്റ്റീഫനും ഒരുമിച്ചെത്തുന്ന രംഗങ്ങൾ കയ്യടിയർഹിക്കുന്നത് തന്നെയാണ്. ഖുറേഷിയുടെ വിശ്വസ്തനായ സയിദ് മസൂദിന്റെ ജീവിതവും പ്രതികാരവുമൊക്കെയാണ് എമ്പുരാൻ സമാന്തരമായി പറഞ്ഞുപോവുന്നുണ്ട്. ഗുജറാത്ത് കലാപസമയത്ത് മാതാപിതാക്കളെയും സഹോദരങ്ങളെയും തന്റെ കുഞ്ഞനുജനെയുമടക്കം സർവ്വവും നഷ്ടമായവനാണ് സയിദ് മസൂദ്. ആ കഥയും അതിന്റെ തുടർച്ചയുമൊക്കെ എമ്പുരാൻ പറയുന്നുണ്ട്.
ലൂസിഫർ അവസാനിച്ചിടത്തുനിന്നല്ല എമ്പുരാന്റെ വരവ്. കഥ തുടങ്ങുന്നത് അങ്ങ് ഉത്തരേന്ത്യയിൽനിന്നാണ്. കൃത്യമായി പറഞ്ഞാൽ ഗുജറാത്തിലെ ഗോധ്ര കലാപത്തിന്റെ ഓർമപ്പെടുത്തലുകളുള്ള ഫ്രെയിമുകളിലൂടെയാണ് തുടക്കം. കലാപത്തിന്റെ തീച്ചൂടിൽനിന്ന് ജീവന്റെ തുരുത്തു തേടി യാത്ര ചെയ്യുന്നവർക്ക് രാത്രിയിൽ അവർക്ക് ഒരു സുരക്ഷിത താവളമൊരുങ്ങുന്നു. എന്നാൽ അവിടെ അവരെ കാത്തിരിക്കുന്നത് മറ്റു ചില ദുരന്തങ്ങളായിരുന്നു. ആ ദുരന്തക്കാഴ്ചകളിൽനിന്നാണ് നമ്മൾ നെടുമ്പള്ളിയിലേക്കു യാത്ര ചെയ്യുന്നത്. നേരെ കേരളത്തിലേക്ക്. അവിടെ എല്ലാം മാറിമറിഞ്ഞിരിക്കുന്നു.
സ്റ്റീഫൻ നെടുമ്പള്ളിയുടെ സാന്നിധ്യമില്ലാത്ത കേരളമാണ്. ഇന്റർനാഷണൽ പ്രശ്നങ്ങളുമായി ഖുറേഷി എബ്രഹാം അതിർത്തികളിൽ നിന്നും അതിർത്തികളിലേക്ക് സഞ്ചരിക്കുമ്പോൾ സ്റ്റീഫൻ നെടുമ്പിള്ളിയുടെ നാടായ കേരളത്തിലും ചില ദുഷ്ടശക്തികൾ പിടിമുറുക്കി തുടങ്ങുകയാണ്. അധികാരത്തിന്റെ മത്ത് അറിഞ്ഞ ദൈവപുത്രൻ ജെതിന്റെ കൈകളിലും അഴിമതിയുടെ കറ പുരണ്ടു തുടങ്ങിയതോടെ ഐയുഎഫ് പാർട്ടിയുടെ നിലനിൽപ്പും അവതാളത്തിലാവുന്നു.
ഇവിടേക്കാണ് ഗോവർധനൻ സ്റ്റീഫനെ തിരികെ എത്തിക്കാൻ ശ്രമിക്കുന്നത്. പാർട്ടിയെയും കേരളത്തെയും ജതിൻ രാംദാസിനെ ഏൽപിച്ച് സ്റ്റീഫൻ കേരളം വിട്ട് പോയിട്ട് അഞ്ചു വർഷമായിരിക്കുന്നു. അപ്പോഴും പക്ഷേ ഗോവർധൻ തിരക്കിലാണ്. അയാളിപ്പോഴും ലൂസിഫറെ തേടിക്കൊണ്ടിരിക്കുകയാണ്. എന്തിനു വേണ്ടിയാണത് ? അതിനുള്ള ഉത്തരമാണ് പ്രേക്ഷകന് എമ്പുരാൻ സമ്മാനിക്കുന്നത്.
ബ്ലാക് ഹോക്ക് ഹെലികോപ്റ്ററുകളും കോടികളിറങ്ങുന്ന ചാർട്ടേഡ് വിമാനങ്ങളും അങ്ങനെ പാറിപ്പറക്കുകയാണ് ചിത്രത്തിലാകെ. വെടിയൊച്ചകളും സ്ഫോടനങ്ങളുമാണ് കേൾക്കാൻ ഉള്ളു. എമ്പുരാന്റെ ആദ്യപകുതിയെ വ്യത്യസ്തമാക്കുന്നതും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഈ ബ്രഹ്മാണ്ഡ കാഴ്ചകളാണ് കാണുന്നത്. ഇത്രയേറെ ലൊക്കേഷനുകളിൽ ഷൂട്ട് ചെയ്ത ഒരു മലയാള ചിത്രം ഇതിനു മുൻപുണ്ടായിട്ടില്ല എന്നു പറയാം.
ഓരോ പ്രദേശത്തിനും ചേരുന്ന വിധം ഫ്രെയിമുകളൊരുക്കിയിരിക്കുന്നു സുജിത് വാസുദേവ്. ഛായാഗ്രാഹകൻ ഏറ്റവും വെല്ലുവിളി നേരിടുന്ന നിമിഷങ്ങളാണ് ചിത്രത്തിലാകെ. വികാരനിർഭരമായ രംഗങ്ങളിലെ ‘ക്ലോസ്–അപ്’ സൂക്ഷ്മത മുതൽ യുദ്ധ രംഗങ്ങളിലെ വിശാലത വരെ സാധ്യമാക്കേണ്ടി വന്നിട്ടുണ്ട്.
തനതുകാഴ്ചകൾക്കൊപ്പം സിജിഐ കൂടി ചേരുമ്പോൾ എമ്പുരാൻ ഒരു വിസ്മയമായി മാറുകയാണ്. ചിത്രത്തിന്റെ ഓപ്പണിങ് ഷോട്ടിൽ നിന്നുതന്നെ അതു വ്യക്തമാണ്. യുദ്ധവും ആഭ്യന്തര കലാപവും തകർത്ത ഇറാഖിലെ പ്രേതഭൂമികളിലൊന്നിൽ നിന്നുള്ള കാഴ്ച ഹോളിവുഡ് സിനിമകളെപോലെ തന്നെ. കേരളത്തിലാണെങ്കിലും ലോകത്തിന്റെ ഏതു കോണിലാണെങ്കിലും എമ്പുരാന്റെ ഫ്രെയിമുകൾ സുജിത് വാസുദേവിൽ ഭദ്രമായിരുന്നു.
കേരളത്തിനു മേൽ പതിയെ പടർന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ഭീതിയുടെ നേർക്കാഴ്ച കൂടിയാണ് എമ്പുരാൻ എന്നു പറയാെ. അതിൽ കാവിയും ഇടതു വലതു രാഷ്ട്രീയവുമുണ്ട്, അവയിലെ പുഴുക്കുത്തുകളുണ്ട്, കലാപങ്ങളുണ്ട്, കേന്ദ്ര ഏജൻസികളുടെ നിരന്തര സാന്നിധ്യങ്ങളുണ്ട്. രാഷ്ട്രീയം എങ്ങനെയാണ് ഓരോരുത്തരുടെയും നിലനിൽപിനു വേണ്ടി മാത്രമായുള്ള ആയുധമായി മാറുന്നത് എന്നതിന്റെ ഓർമപ്പെടുത്തലുമുണ്ട്. സമാനമായ കഥാപശ്ചാത്തലമാണ് എമ്പുരാനു വേണ്ടിയും മുരളി ഗോപി സിനിമയിൽ ഒരുക്കിയിരിക്കുന്നത്.
തോളോടു തോൾ ചേർന്നാണ് ചിത്രത്തിൽ മോഹൻലാലും പൃഥ്വിരാജും എത്തുന്നത്. എല്ലാ ഫ്രെയിമിലും വെറുതെ തള്ളിക്കയറ്റി നിർത്താതെ ഓരോ കഥാപാത്രത്തിനും അവരുടെതായ സ്പേസ് നൽകിയിരിക്കുന്നു. അത് ഐബി ഉദ്യോഗസ്ഥനു നേരെ തോക്കുചൂണ്ടാനെത്തുന്നു, ഏതാനും നിമിഷം മാത്രം ഫ്രെയിമിലുള്ള ചെറുപ്പക്കാരനാണെങ്കിലും മോഹൻലാലാണെങ്കിലും അങ്ങനെത്തന്നെയാണ്. നായകന്റെ നിഴലായി നിൽക്കുന്ന കഥാപാത്രങ്ങളൊന്നുമില്ല എന്നു പറയാം. എന്നാൽ ആവശ്യം വരുന്ന സമയത്തെല്ലാം, ആവശ്യം വേണ്ടുന്ന കഥാപാത്രങ്ങളെയെല്ലാം കൃത്യമായി പ്ലേസ് ചെയ്തിട്ടുമുണ്ട്.
ആക്‌ഷൻ, ത്രിൽ എന്നീ വാക്കുകൾ ഒപ്പം കൂട്ടിച്ചേർക്കാതെ എന്ത് എമ്പുരാൻ ! ചിത്രത്തിന്റെ ഏറ്റവും വലിയ മികവും ഈ സ്റ്റണ്ട് കോറിയോഗ്രഫിയി തന്നെയാണ്. തുടക്കം മുതൽ ഒടുക്കം വരെ അത് പ്രേക്ഷകനു വിരുന്നായി എത്തുന്നുണ്ട്. ഇറാഖിൽ അതൊരു തരത്തിലാണെങ്കിൽ നെടുമ്പള്ളിയിലെ കാട്ടിലെ രാത്രിയിൽ അതു മറ്റൊരു കാൻവാസിലാണ് എത്തുന്നത്. ഓരോ ഫ്രെയിമിലേക്കും ‘എൽ’ എന്ന അക്ഷരത്തെ സന്നിവേശിപ്പിച്ചുകൊണ്ടാണ് സ്റ്റണ്ട് സിൽവയുടെ ഓരോ ആക്‌ഷൻ രംഗവും അവസാനിക്കുന്നത്. എൽ അഥവാ ലൂസിഫർ. മോഹൻലാലിലൂടെ ആ ലൂസിഫറിന്റെ, അബ്രാം ഖുറേഷിയുടെ സാന്നിധ്യം നമുക്ക് തിരിച്ചറിയാനാകും. അതെങ്ങനെയെന്നല്ലേ ? ചിത്രത്തിലെ ഒരു കഥാപാത്രം പറയുന്നതു പോലെ– ‘രോമാഞ്ചം അണ്ണാ രോമാഞ്ചം…’. മോഹൻലാൽ എന്ന നടന്റെ കണ്ണുകൾ പോലും കഥ പറയുന്നുണ്ട് ചിത്രത്തിൽ.
സെക്കൻഡ് ഹാഫിന്റെ തുടക്കത്തിലെ ആക്‌ഷൻ രംഗം എടുത്തു പറയേണ്ട ഒന്നാണ്– നിങ്ങളൊരു മോഹൻലാൽ ഫാനല്ലെങ്കിൽ പോലും എമ്പുരാന്റെ സിനിമാറ്റിക് മൊമന്റുകളിലെ ഏറ്റവും കോരിത്തരിപ്പിക്കുന്ന നിമിഷങ്ങൾ ആ രംഗത്തിനു സമ്മാനിക്കാനാകും. സയീദ് മസൂദ് എന്ന കഥാപാത്രമായി പൃഥ്വിരാജ് പറന്നിറങ്ങുന്ന രംഗവും ആരും അത്രപെട്ടെന്നു മറക്കാനിടയില്ലാത്തതാണ്.
ലഹരിക്കെതിരെയാണ് ലൂസിഫറിന്റെ പ്രവർത്തനങ്ങൾ, ‘നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്’ എന്ന ക്യാച്ച്‌വേഡിൽ പിടിച്ചാണ് ചിത്രം ഒരുക്കിയത്. എന്നാൽ എമ്പുരാനിൽ സ്ക്രീൻ സ്പേസ് അധികവും രാഷ്ട്രീയത്തിനു വേണ്ടിയാണ് നീക്കിവച്ചത്. ആക്‌ഷൻ തിളയ്ക്കുന്ന ലഹരി കാർട്ടൽ രംഗങ്ങളും ഇമോഷനുകൾ നിറഞ്ഞ രാഷ്ട്രീയ–കുടുബ നിമിഷങ്ങളും ബാലൻസ് ചെയ്തു പോകുന്നുണ്ടോയെന്നത് പ്രേക്ഷകൻ കണ്ടുതന്നെ മനസ്സിലാക്കണം.
യുഎസും ലണ്ടനും യുഎഇയും ലേയും ലഡാക്കുമെല്ലാം ഉൾപ്പെട്ട രംഗങ്ങൾ എമ്പുരാനിൽ ഓവർക്രൗഡഡ് ആകുന്നുണ്ടോയെന്ന കാര്യത്തിലും ചെറിയ സംശയമുണ്ട്. കേരള രാഷ്ട്രീയത്തിലെ ഒരു സ്റ്റീഫൻ നെടുമ്പള്ളിയുടെ കഥ, അതായിരുന്നു ലൂസിഫർ. എന്നാൽ ലോകത്തിനു മുന്നിൽ അബ്രാം ഖുറേഷി, ചിലരുടെ ലൂസിഫർ, കേരളത്തിലൊരു സ്റ്റീഫൻ നെടുമ്പള്ളി എന്ന നിലയിലേക്കാണ് എമ്പുരാനിലേക്കെത്തുന്നത്. ഇവയെല്ലാം ബാലൻസ് ചെയ്തു കൊണ്ടുപോകാനും സംവിധായകൻ കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്.
ഒരു കാര്യം ഉറപ്പ്. മലയാളത്തിലെ ആക്‌ഷൻ–ത്രില്ലർ സിനിമകൾ എമ്പുരാന് മുൻപും ശേഷവും എന്നായിരിക്കും ഇനി അടയാളപ്പെടുത്തുക. അത് ബജറ്റിന്റെ കാര്യത്തിലാണെങ്കിലും സംവിധാന–അഭിനയ– ആക്‌ഷൻ മികവിന്റെ കാര്യത്തിലാണെങ്കിലും. ഒന്നുകൂടി, ലൂസിഫറിന്റെ മൂന്നാം ഭാഗവും വരുന്നുണ്ട്. അതിലെ സർപ്രൈസുകളിലേക്കുള്ള ചൂണ്ടുപലകയിട്ടാണ് എമ്പുരാൻ അവസാനിക്കുന്നതും.
ടൊവിനോ തോമസിന്റെ കഥാപാത്രത്തിലേക്ക് വരികയാണെങ്കിലും ലൂസിഫറിൽനിന്നുള്ള മാറ്റംശ്രദ്ധേയമാണ്. ഇത്തവണ ഇന്ദ്രജിത്തിന്റെ ഗോവർധൻ എന്ന കഥാപാത്രവും സസ്പെൻസ് ഘടകങ്ങൾ നിറഞ്ഞ കഥാപാത്രംതന്നെ. വില്ലനായെത്തിയ കഥാപാത്രവും ആ കഥാപാത്രത്തെ സ്ക്രീനിൽ അവതരിപ്പിച്ചിരിക്കുന്നതും അഭിനന്ദനാർഹംതന്നെ. സുരാജ് വെഞ്ഞാറമ്മൂട്, ബൈജു, ജെറോം ഫ്ളിൻ, സായികുമാർ, ശിവജി കുരുവായൂർ, നന്ദു, സച്ചിൻ ഖെഡേക്കർ തുടങ്ങി സ്ക്രീനിലെത്തിയവരെല്ലാം അവരവരുടെ കഥാപാത്രങ്ങളോട് നീതിപുലർത്തുന്ന പ്രകടനം കാഴ്ചവെച്ചു.
അണിയറപ്രവർത്തകരേക്കുറിച്ചും രണ്ടുവാക്ക് പറയാതെ വയ്യ. സംഗീത സംവിധായകനായ ദീപക് ദേവിൽനിന്ന് തുടങ്ങാം. ലൂസിഫറിൽ കേൾപ്പിച്ചതെല്ലാം സാമ്പിൾ മാത്രമാണെന്നുവേണം രണ്ടാംഭാഗത്തിലൂടെ മനസിലാക്കാൻ. ഖുറേഷിയും സയിദ് മസൂദും ഒരുമിക്കുന്ന രംഗങ്ങളിലെ പശ്ചാത്തല സംഗീതത്തിന് കയ്യടിക്കാതെ വയ്യ. സിന്ദ സിന്ദ എന്ന ഗാനത്തിന്റെ തിയേറ്റർ അനുഭവവും പ്രേക്ഷകരിൽ ആവേശം നിറയ്ക്കുന്നു. സുജിത് വാസുദേവ് പകർത്തിയ ദൃശ്യങ്ങൾ ഹോളിവുഡ് നിലവാരമുള്ളതായിരുന്നു. സ്റ്റണ്ട് സിൽവയും സംഘവും ഒരുക്കിയ സംഘട്ടനരംഗങ്ങളും മലയാള സിനിമയിൽ പുതിയ അനുഭവം തന്നെയാണ്. ഇങ്ങനെയൊരു ചിത്രം ഒരുക്കാൻ ധൈര്യം കാണിച്ച ആന്റണി പെരുമ്പാവൂരിനും ചിത്രം പ്രേക്ഷകർക്കുമുന്നിലെത്തിച്ച ഗോകുലം മൂവീസിനും കയ്യടിക്കാം.
മലയാളിക്ക്കാത്തുകാത്തിരുന്ന് കിട്ടിയ നിധി തന്നെയാണ് എമ്പുരാൻ. ഒരുവട്ടം കണ്ട് മറക്കാവുന്ന ചിത്രവുമല്ല. ഓരോ തവണ ആലോചിക്കുമ്പോഴും പുതിയ ലെയറുകൾ, പുതിയ അർത്ഥതലങ്ങളും വിശദീകരണങ്ങളും പ്രേക്ഷകനിൽ ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്ന ചില ചിത്രങ്ങളുണ്ട്. അക്കൂട്ടത്തിൽ മുൻനിരയിൽത്തന്നെ ഇനി എമ്പുരാനുമുണ്ടാവും. ഏതുനാട്ടിലെ പ്രേക്ഷകരോടും ഇനി മലയാളികൾക്ക് പറയാം. ഞങ്ങൾക്കൊരു എമ്പുരാനുണ്ടെന്ന്, ഒരു പാൻ വേൾഡ് ചിത്രമുണ്ടെന്ന്. മസ്റ്റ് വാച്ചാണ് എമ്പുരാൻ.
പലകാലങ്ങളിൽ, പലയിടങ്ങളിലായി സംഭവിക്കുന്ന കാര്യങ്ങളെ ചേർത്തുവച്ച് കഥ പറഞ്ഞു മുന്നേറുമ്പോൾ ആ ചേർത്തുവക്കലിൽ ചില പാളിച്ചകൾ പറ്റിയിട്ടുണ്ട്. പ്രേക്ഷകരുമായി ഇമോഷണലി കണക്റ്റാവാതെ പോവുന്നുണ്ട് പല ഭാഗങ്ങളും.
ഒരുതരം നിർബന്ധബുദ്ധിയോടെ, ചിത്രത്തിലേക്ക് L റഫറൻസുകളും മറ്റും കുത്തിനിറയ്ക്കാൻ ശ്രമിച്ചത് ആർട്ടിഫിഷ്യലായിട്ടാണ് അനുഭവപ്പെട്ടത്. മൂന്നാം ഭാഗത്തിലേക്ക് പറയാനായി പലതും ബാക്കിവച്ചു കഥ മുന്നേറുമ്പോൾ, അത് ചിത്രത്തെ പലയിടത്തും ഫ്ളാറ്റാക്കി മാറ്റുന്നുണ്ട്. ലൂസിഫറിനെ വച്ചു നോക്കുമ്പോൾ, വയലൻസിന്റെ ഒരു അതിപ്രസരവും എമ്പുരാനിൽ കാണാം.
കറുത്ത കോട്ടിൽ ചുവപ്പു ഡ്രാഗൺ ചിത്രവുമായി നടക്കുന്ന വില്ലന് ചിത്രത്തിൽ കിട്ടിയതിനേക്കാൾ ഹൈപ്പ് കിട്ടിയത് സോഷ്യൽ മീഡിയയിൽ ആണെന്നു പറയേണ്ടി വരും. ചിത്രത്തിൽ ആ കഥാപാത്രത്തെ റിവീൽ ചെയ്യുന്ന രംഗമൊക്കെ ഒട്ടും ഇംപാക്റ്റ് ഇല്ലാതെ പോയി.