തിരുവനന്തപുരം: വൻവിവാദങ്ങൾക്ക് പിന്നാലെ റീഎഡിറ്റ് ചെയ്യുന്ന മോഹൻലാൽ ചിത്രം എമ്പുരാന്റെ പുതിയ പതിപ്പ് വ്യാഴാഴ്‌ച തിയേറ്ററുകളിൽ എത്തും.
17 സീനുകളിൽ മാറ്റം വരുത്തി വില്ലന്റെ പേരു മാറ്റി ചില ഡയലോഗുകൾ മ്യൂട്ടും ചെയ്താണ് പുതിയ എമ്പൂരാൻ എത്തുന്നത്. നിർമ്മാതാക്കൾ തന്നെ പുതിയ പതിപ്പ് സെൻസറിംഗിന് നൽകുമെന്നാണ് റിപ്പോർട്ട്.
അതേസമയം, സീനുകൾ വെട്ടിമാറ്റി എമ്പുരാൻ പുറത്തിറങ്ങുന്നതിന് മുൻപ് പഴയ പതിപ്പ് കാണാൻ തിയേറ്ററുകളിൽ വൻ തിരക്കാണ്. ഇന്നും നാളെയും അവധി ദിവസങ്ങളായതിനാൽ പ്രധാന നഗരങ്ങളിലെ തിയേറ്ററുകളിലെല്ലാം തന്നെ സീറ്റുകൾ ബുക്കിംഗ് പൂർത്തിയായെന്നാണ് വിവരം.
സിനിമക്കെതിരെ ആർ.എസ്.എസ് കടുത്ത നിലപാടെടുത്തതോടെയാണ് റീഎഡിറ്റിംഗിന് അണിയറ പ്രവർത്തകർ ഒരുങ്ങുന്നത്. ചിത്രത്തിന് ഹിന്ദുവിരുദ്ധ അജൻഡയുണ്ടെന്ന വിമർശനമാണ് ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസർ ഉന്നയിച്ചത്.
പക്ഷപാതത്തോടെയാണ് ഉള്ളടക്കം കൈകാര്യം ചെയ്തിരിക്കുന്നതെന്നും ആരോപണം വന്നതിന് പിന്നാലെ വാർത്താവിനിമയ വകുപ്പിനോട് കേന്ദ്ര ആഭ്യന്തരവകുപ്പ് റിപ്പോർട്ട് തേടി.
മന്ത്രി അനുരാഗ് ഠാക്കൂർ സെൻസർ ബോർഡിനെ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇതോടെയാണ് നിർമ്മാതാക്കൾക്കും അണിയറ പ്രവർത്തകർക്കും തിരിച്ചടിയായത്. സെൻസർ ബോർഡ് സിനിമ തിരിച്ചുവിളിക്കുമെന്ന സൂചന കിട്ടിയതോടെയാണ് സ്വയം മാറ്റങ്ങൾ വരുത്താൻ തീരുമാനമെടുക്കുകയായിരുന്നു.
പരിഹാരത്തിന് മോഹൻലാൽ തന്നെ മുൻകൈ എടുത്തതായാണ് വിവരം. സെൻസർ ബോർഡ് തിരിച്ചുവിളിച്ച് സീനുകൾ മുറിച്ചുമാറ്റിയാൽ അത് കഥയുടെ തുടർച്ചയെ ബാധിക്കും.
സീനുകൾ മാറ്റി എഡിറ്റ് ചെയ്ത് നൽകുന്നതാണ് നല്ലതെന്ന നിലപാട് തന്നെയായിരുന്നു സംവിധായകനായ പൃഥ്വിരാജിനും. ബിജെപി ദേശീയ നേതൃത്വവുമായി അടുപ്പമുള്ള നിർമാതാവ് സുരേഷ്‌കുമാറിനെ മോഹൻലാലും ആന്റണി പെരുമ്പാവൂരും ബന്ധപ്പെട്ടതിനെ തുടർന്നാണ് പരിഹാരഫോർമുല ഉണ്ടായത്.