ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവച്ചു. രാജിയുടെ കാരണം വ്യക്തമല്ല. അരുണ്‍ ഗോയലിന്റെ രാജി പ്രസിഡന്റ് ദ്രൗപതി മുർമു സ്വീകരിച്ചു. 2027 വരെ കാലാവധി ഉണ്ടായിരുന്ന അരുൺ ഗോയിലിന്റെ രാജിയോടെ മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ മാത്രമായി.
1985 ബാച്ചിലെ പഞ്ചാബ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ അരുണ്‍ ഗോയലിനെ വിരമിച്ച ഉടനെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത് അന്ന് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. യൂണിയന്‍ ഹെവി ഇന്‍ഡസ്ട്രീസ് സെക്രട്ടറിയായിരിക്കെ 2022 നവംബർ 18-ന് വിരമിച്ച ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത് നവംബർ 22നായിരുന്നു. ഇതു ചോദ്യം ചെയ്ത് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അനൂപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ചിരുന്നു.