കെയ്റോ: ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഈജിപ്തില്‍ ഇസ്രയേലി പൗരന്മാരെ പോലീസ് വെടിവച്ചുകൊന്നു. മെഡിറ്റെറേനിയന്‍ നഗരമായ അലെക്സാന്‍ഡ്രിയയില്‍ ആണ് സംഭവം. വെടിവെപ്പിൽ ഇസ്രയേലികള്‍ക്ക് പുറമെ ഒരു ഈജിപ്ഷ്യന്‍ പൗരനും കൊല്ലപ്പെട്ടിട്ടുണ്ട്. വിനോദസഞ്ചാരികള്‍ക്ക് നേരെ പോലീസ് ഉദ്യോഗസ്ഥന്‍ വെടിവയ്ക്കുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമിയെന്ന് സംശയിക്കുന്ന വ്യക്തിയെ കസ്റ്റഡിയിലെടുത്തതായി സുരക്ഷാ ഉദ്യോഗസ്ഥന്‍ അറിയിച്ചു. അലക്സാന്‍ഡ്രിയയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഇസ്രയേലിന്റെ സക റെസ്ക്യു സര്‍വീസും സ്ഥിരീകരിച്ചിട്ടുണ്ട്.
ഗാസയില്‍ ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇതുവരെ 313 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ ഇതുവരെ രണ്ടായിരത്തോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗാസയിലെ തീവ്രവാദകേന്ദ്രങ്ങളില്‍ തങ്ങള്‍ ആക്രമണം തുടരുകയാണെന്ന് ഇസ്രയേലി വ്യോമസേന എക്സിലൂടെ വ്യക്തമാക്കി. ഗാസയിലും തെക്കന്‍ ഇസ്രയേലിലും നടന്ന ഏറ്റുമുട്ടലില്‍ നൂറിലധികം തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും നിരവധി പേരെ തടവിലാക്കിയതായും ഇസ്രയേലി സൈന്യം അറിയിച്ചു.
ഇതിനിടെ വടക്കന്‍ ഇസ്രയേല്‍ മേഖലയില്‍ നടന്ന മോര്‍ട്ടാര്‍ ഷെല്ലാക്രമണത്തിന്റെ ഉത്തരവാദിത്തം ലെബനനിലെ ഹിസ്ബുള്ള ഏറ്റെടുത്തു. ലെബനീസ് ഷെബാ ഫാംസ് ഏരിയയിലെ മൂന്ന് ഇസ്രായേലി അധിനിവേശ പ്രദേശങ്ങളാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ഹിസ്ബുള്ള പ്രസ്താവനയില്‍ അറിയിച്ചു. പിന്നാലെ ഹാസയോട് ചേര്‍ന്ന ലെബനീസ് അതിര്‍ത്തി മേഖലയിലും ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായാണ് റിപ്പോർട്ട്.
Read Also: പലസ്തീന്റെ സമ്പൂര്‍ണ ഉന്മൂലനം ലക്ഷ്യമിട്ട് ഇസ്രയേൽ; ജനങ്ങള്‍ ഗാസ വിട്ടു പോകണം