ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട കേസിൽ വിചാരണയ്ക്ക് ഹൈക്കോടതിയുടെ താല്‍ക്കാലിക വിലക്ക്. പ്രതിയെ നാളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതാണ് കോടതി തടഞ്ഞത്. കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് നിർദേശം നല്‍കിയിട്ടുണ്ട്. (Dr. Vandana murder case; Temporary stay of trial against accused sandeep by High Court)
വിടുതൽ ഹർജി തള്ളിയതിനെതിരെ പ്രതി നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ താൽക്കാലിക ഉത്തരവ്. പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി വിചാരണക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.
മെയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസിക്കിടെ വന്ദന ദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഡോ. വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.
ചികിത്സക്കായി ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു. കൊല്ലം നെടുമ്പന യു പി സ്കൂൾ അധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തില്‍ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു.