തിരുവനന്തപുരം: നെഹ്റു ട്രോഫി വളളംകളി ഒഴിവാക്കരുതെന്ന് ആവശ്യവുമായി മുഖ്യമന്ത്രിക്ക് നിവേദനം നൽകി നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി. വളളംകളി മാറ്റിവെച്ചാൽ സൊസൈറ്റിക്ക് വൻനഷ്ടം ഉണ്ടാകുമെന്ന് നിവേദനത്തിൽ പറയുന്നു. മുണ്ടക്കൈയിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നെഹ്റു ട്രോഫി വള്ളം കളി ഒഴിവാക്കിയതായി സർക്കാർ അറിയിച്ചിരുന്നു.(Don’t skip the Nehru Trophy boat race; The organizers submitted request to the Chief Minister)
വയനാട് ദുരന്തത്തെ തുടർന്ന് ഈ വർഷത്തെ ഓണം ആഘോഷങ്ങളും വള്ളംകളിയുമാണ് സർക്കാർ ഒഴിവാക്കിയത്. എന്നാൽ വളളങ്ങൾ പരിശീലനത്തിനും മറ്റുമായി പണം ചെലവഴിച്ചു കഴിഞ്ഞു. വളളംകളി മാറ്റിയാൽ വളളങ്ങൾക്ക് ഗ്രാൻറ് നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് നിവേദനം നൽകിയിരിക്കുന്നത്.
രക്ഷാപ്രവര്‍ത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ഈ സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കുന്നതെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു.
മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂരിൽ ഓണത്തോടനുബന്ധിച്ച് നടത്തുന്ന പുലികളിയും കുമ്മാട്ടിക്കളിയും ഡിവിഷൻ തല ഓണാഘോഷവും വേണ്ടെന്ന് കോർപ്പറേഷനും തീരുമാനിച്ചിരുന്നു. എന്നാൽ തൃശൂർ കോർപ്പറേഷൻ്റെ തീരുമാനം ഏകപക്ഷീയമെന്ന് ആരോപിച്ച് പുലികളി സംഘാടകസമിതി രംഗത്തെത്തിയിരുന്നു.