ജോലിയുടെ ഭാഗമായി ദീര്‍ഘനേരം ഒരേ ഇരിപ്പുതുടരുന്നവരാണ് പലയാളുകളും. ഇടയ്ക്കിടെ ഇടവേളകള്‍ എടുക്കണമെന്ന് അറിഞ്ഞാലും ജോലിക്കിടെ അതിനുള്ള സമയംപോലും ചിലര്‍ നീക്കിവെക്കാറില്ല. ഫലമോ, ശരീരം പതിയെ രോഗങ്ങള്‍ക്ക് അടിമപ്പെടും. ദീര്‍ഘനേരമുള്ള ഇരിപ്പ് പുകവലിക്ക് തുല്യമാണെന്നും അതുതടയണമെന്നുമൊക്കെയുള്ള പഠനങ്ങള്‍ നിരവധി പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ലണ്ടനിലെ വെസ്റ്റേണ്‍ സ്‌കൂള്‍ ഓഫ് കിന്‍സിയോളജിയിലെ ഗവേഷകരും സമാനമായൊരു പഠനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ജോലിസ്ഥലത്ത് ദീര്‍ഘസമയം ഇരിപ്പ് തുടരുന്നവരില്‍ ടൈപ് 2 ഡയബറ്റിസ്, കാന്‍സര്‍ സാധ്യതകള്‍ കൂടുതലാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
ട്രാന്‍സ്ലേഷണല്‍ ബിഹേവിയറല്‍ മെഡിസിന്‍ എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇരിക്കുന്ന സമയം മാത്രമല്ല ഒരുദിവസം മുഴുവന്‍ ഇരിക്കുന്ന രീതിയും പ്രധാനമാണെന്ന് കാനഡയിലെ വെസ്റ്റേണ്‍ ഒന്റാറിയോ യൂണിവേഴ്‌സിറ്റിയിലെ റിസര്‍ച്ച് കോര്‍ഡിനേറ്റായ മാഡിസണ്‍ ഹിംസ്ട്രാ പറഞ്ഞു. ഓഫീസ് ജോലിക്കാരിലാണ് ഇത് കൂടുതല്‍ അപകടസാധ്യത വര്‍ധിപ്പിക്കുന്നതെന്നും മാഡിസണ്‍ പറയുന്നു. ഇത്തരത്തില്‍ ഇടവേളകളെടുക്കാതെ കൂടുതല്‍സമയം ഇരിക്കുന്നവരില്‍ ഡയബറ്റിസിനും കാന്‍സറിനുമൊപ്പം രക്തസമ്മര്‍ദം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള സാധ്യതയും കൂടുതലാണെന്ന് ഗവേഷകര്‍ വ്യക്തമാക്കി.
പഠനത്തില്‍ പങ്കാളികളായവരെ രണ്ടുവിഭാഗമായി തിരിച്ചാണ് അവലോകനം നടത്തിയത്. ഒരു വിഭാഗം ഇടവേളകള്‍ എടുക്കാന്‍ സ്വയം മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും മറ്റൊരു വിഭാഗത്തിന് നിര്‍ബന്ധിതമായി ചില നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഓരോ അരമണിക്കൂറോ, മുക്കാല്‍മണിക്കൂറോ കൂടുമ്പോഴും ഇരിക്കുന്നിടത്തു നിന്ന് എഴുന്നേറ്റ് മൂന്നുനാലുമിനിറ്റ് ഇടവേള എടുപ്പിക്കുക എന്നതായിരുന്നു ഉദ്ദേശം. തുടര്‍ന്ന് നാലാഴ്ച യോളം പരിശോധിച്ചപ്പോഴാണ് ഇടവേളയെടുക്കുന്നത് രോഗസാധ്യത കുറയ്ക്കുന്നുവെന്ന് കണ്ടെത്തിയത്.
ഒരേ ഇരിപ്പില്‍ ഇരിക്കുന്നവര്‍ സൂക്ഷിക്കുക:
- ദീര്‍ഘനേരം ഒരേപോലെ ഇരുന്ന് ജോലിചെയ്യേണ്ടിവരുന്നവര്‍ ഒരു മണിക്കൂറില്‍ 10 മിനിറ്റ് എഴുന്നേറ്റ് നടക്കുകയോ നില്‍ക്കുകയോ ചെയ്യണം. തുടര്‍ച്ചയായ ഇരിപ്പ് മൂലം കുറേയധികം സമയം പ്രവര്‍ത്തിക്കാതിരുന്ന മസിലുകളെല്ലാം ഈ നടത്തത്തിലൂടെ ഉണരും.
- കൊഴുപ്പടങ്ങിയ ഭക്ഷണം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം
- കൂടാതെ ജോലിസ്ഥലത്തുവെച്ചുതന്നെ ചെയ്യാവുന്ന ചില ലഘുവ്യായാമങ്ങള്‍ ശീലിക്കുകയുമാവാം.
- കസേരയില്‍ ഇരുന്ന് ശരീരം മുന്നോട്ട് കുനിഞ്ഞ് തറയില്‍ തൊടാന്‍ ശ്രമിക്കുക. കുനിയുമ്പോള്‍ ശ്വാസം പുറത്തേക്കും നിവരുമ്പോള്‍ ശ്വാസം അകത്തേക്കും എടുക്കണം.
- പാദങ്ങള്‍ മുകളിലേക്കും താഴേക്കും പിന്നീട് ഇരുവശങ്ങളിലേക്കും ചലിപ്പിക്കുക. കഴുത്ത് മുന്നോട്ടും പുറകോട്ടും ചലിപ്പിക്കുക. ഇരുവശങ്ങളിലേക്കും തിരിക്കുക. ചെവി തോളില്‍ തൊടാന്‍ ശ്രമിക്കുന്നതുപോലെ ചരിക്കുക.
- കംപ്യൂട്ടറിന് മുന്നില്‍ ഇരിക്കുമ്പോള്‍ നട്ടെല്ലും തലയും നിവര്‍ത്തി ഇടുപ്പ്, കാല്‍മുട്ടുകള്‍ എന്നിവ 90 ഡിഗ്രി മടക്കി പാദം തറയില്‍ അമര്‍ത്തി ഇരിക്കുക. കംപ്യൂട്ടര്‍ സ്‌ക്രീനിന്റെ മുകള്‍ഭാഗം കണ്ണിനുനേരെ വരുന്ന രീതിയില്‍ ക്രമീകരിക്കുക.
Also Read: ഇങ്ങനെ ചെയ്താല്‍ കൈയും കാലും തളരും. മരണം വരെ സംഭവിച്ചേക്കാം