വാഷിംങ്ടൺ: ഡൊണാൾഡ് ട്രംപ് യു എസ് പ്രസിഡന്റായി ഇന്ന് സ്ഥാനമേൽക്കും. അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്.
കാലാവസ്ഥ പ്രതികൂലമായതിനാൽ ക്യാപ്പിറ്റോൾ മന്ദിരത്തിന് അകത്തുവെച്ചായിരിക്കും ചടങ്ങുകൾ നടക്കുന്നത്. 1985ന് ശേഷം ഇതാദ്യമായാണ് ഇവിടെ വെച്ച് ചടങ്ങുകൾ നടക്കുന്നത്. ഇന്ത്യൻ സമയം രാത്രി പത്തരയ്ക്ക് ഔദ്യോഗിക ചടങ്ങുകൾ തുടങ്ങും.
അതേസമയം, അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരിച്ചെത്തുന്നതിന് പിന്നാലെ ഡൊണാൾഡ് ട്രംപ് ചൈന സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അധികാരമേറ്റ് ആദ്യ 100 ദിവസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹം ചൈന സന്ദർശിക്കുമെന്നാണ് വിവരം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിന് വേണ്ടി അധികാരമേറ്റതിന് ശേഷം ചൈനയിലേക്ക് പോകണമെന്ന് ട്രംപ് പറഞ്ഞതായാണ് റിപ്പോർട്ട്.
ട്രംപും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങും കഴിഞ്ഞ വെള്ളിയാഴ്ച്ച ഫോണിൽ സംസാരിച്ചിരുന്നു. വ്യാപാരം, ഫെൻ്റനൈൽ, ടിക് ടോക്ക് എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തിയിട്ടുണ്ട്.
തിങ്കളാഴ്ച്ച നടക്കുന്ന ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിലേയ്ക്ക് ചൈനീസ് പ്രസിഡൻ്റിനെയും ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ഷി ജിൻപിങ്ങിന് പകരം ചൈനീസ് വൈസ് പ്രസിഡൻ്റ് ഹാൻ ഷെങ്ങിനാണ് അമേരിക്കയിലെത്തുന്നത്.
ഇതാദ്യമായാണ് ഒരു മുതിര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥന്‍ യുഎസ് പ്രസിഡന്റ് സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുന്നത്. ചൈനീസ് നേതാവ് ഒരിക്കലും വിദേശ നേതാക്കളുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാറില്ല. ഇതോടെയാണ് വൈസ് പ്രസിഡന്റിനെ അയയ്ക്കാന്‍ തീരുമാനിച്ചത്.