മഴക്കാല രോഗങ്ങൾക്കൊപ്പം ഭീഷണിയായേക്കാവുന്ന ഒരു രോഗമാണ് ചെങ്കണ്ണ്. പലപ്പോഴും രോഗം പിടിപെട്ടാൽ മറ്റുള്ളവരിലേക്കും അതിവേഗം ഇത് പടരുകയും ചെയ്യും. കൺജങ്റ്റിവൈറ്റിസ് എന്നാണ് ഇത് അറിയപ്പെടുന്നത്. കണ്ണിന് ചുവപ്പ്, തടിപ്പ്, കണ്ണിൽ നിന്ന് തുടരെ വെള്ളം വരൽ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. കണ്ണിന്റെ മുന്നിലുള്ള നേർത്ത പാടയായ കൺജങ്ടൈവയിൽ അണുബാധകൊണ്ടുണ്ടാകുന്ന രോഗമാണ് ചെങ്കണ്ണ്. ബാക്ടീരിയ, വൈറസ്, അലർജി തുടങ്ങിയവയാണ് രോഗകാരണം. കണ്ണ് ദീനം എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു. ബാക്ടീരിയ, വൈറസ് എന്നിവ മൂലം ചെങ്കണ്ണ് ബാധിക്കാമെന്നതിനാൽ കൃത്യമായ ചികിത്സയ്ക്ക് നേത്രരോഗ വിദഗ്ധനെ സമീപിക്കേണ്ടതാണ്.
നമ്മുടെ കണ്ണിന്റെ വെളുത്ത ഭാഗത്ത് വരുന്ന ബാക്ടീരിയൽ ഇൻഫെക്ഷനാണ് ഇത്. കണ്ണിൽ ചുവപ്പ് മാത്രമല്ല, കണ്ണിൽ നിന്നും വെള്ളം വരിക, രാവിലെ ഉണർന്ന് കഴിഞ്ഞാൽ കണ്ണ് പീള കെട്ടുക എന്നിവയെല്ലാമാണ് ഇതിന്റെ ലക്ഷണം. എന്നാൽ വൈറൽ ചെങ്കണ്ണുണ്ട്. ഇത് വളരെ പതുക്കെയാണ് പടരുക. ഇവർക്ക് പനി, കടുത്ത തലവേദന, കണ്ണിന് മങ്ങൽ എന്നിവയെല്ലാം ഉണ്ടാകാം. ഇതല്ലാതെ അലർജി പ്രശ്‌നങ്ങൾ കൊണ്ട് ചെങ്കണ്ണുണ്ടാകാം. ക്ലോറിനുള്ള വെള്ളം കാരണം, ഉദാഹരണത്തിന് നീന്തൽക്കുളത്തിലും മറ്റും നീന്തുമ്പോൾ ഈ പ്രശ്‌നമുുണ്ടാകാം. എന്നാൽ ബാക്ടീരിയൽ ഇൻഫെക്ഷനാണ് സാധാരണ കാണുന്നത്..ഇത്തരം ഇൻഫെക്ഷൻ കണ്ണിൽ നോക്കിയത് കൊണ്ട് വരില്ല. അവരുടെ കണ്ണിനെ ബാധിച്ചിരിയ്ക്കുന്ന ബാക്ടീരിയ സ്രവങ്ങളിലൂടെയോ മറ്റോ നമ്മുടെ ശരീരത്തിൽ എത്തുമ്പോഴാണ് ഇതുണ്ടാകുന്നത്. ഇവരുടെ കണ്ണിൽ നാം തൊടുന്നില്ലെങ്കിലും ഇവരുടെ കണ്ണിൽ നിന്നും ബാക്ടീരിയ കയ്യിൽ പറ്റി ഇത് വച്ച് അവർ എവിടെയങ്കിലും പ്രതലത്തിൽ സ്പർശിയ്ക്കുന്നു. ഉദാഹരണത്തിന് ഡോർ തുറക്കുന്നു, അല്ലെങ്കിൽ ഗ്ലാസ് എടുക്കുന്നു. ഈ പ്രതലത്തിൽ ബാക്ടീരിയ ആയിക്കാണും. ഇവിടെ അടുത്തയാൾ വന്ന് സ്പർശിയ്ക്കുമ്പോൾ ഈ ബാക്ടീരിയ അയാളുടെ കയ്യിലോ ദേഹത്തോ ആകുന്നു. പിന്നീട് ഇത് കണ്ണിലേയ്ക്കും പടരുന്നു.
ശ്രദ്ധിക്കുക ഈ കാര്യങ്ങൾ
ചെങ്കണ്ണ് ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വ്യക്തി ശുചിത്വം ഏറെ പ്രധാനമാണ്. രോഗമുള്ള വ്യക്തി ഉപയോഗിക്കുന്ന ഓരോ സാധനത്തിലും രോഗാണു പടരാൻ സാധ്യതയുണ്ട്. ഈ പ്രതലങ്ങളിൽ രോഗമില്ലാത്തയാൾ സ്പർശിച്ചാൽ അതുവഴി രോഗാണുക്കൾ കണ്ണിലെത്താൻ സാധ്യതയുണ്ട്. രോഗം ബാധിച്ച വ്യക്തികളിൽ നിന്നും അകലം പാലിക്കണം. രോഗി ഉപയോഗിക്കുന്ന പേന, പേപ്പർ, പുസ്തകം, തൂവാല, സോപ്പ്, ടവ്വൽ മുതലയാവ മറ്റുള്ളവർ ഉപയോഗിക്കാൻ പാടില്ല. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. കൈ വൃത്തിയായി കഴുകുന്നതിന് മുമ്പ് കണ്ണിലോ മൂക്കിലോ വായിലോ ഒരു കാരണവാശാലും തൊടരുത്. വീട്ടിൽ ചെങ്കണ്ണ് ബാധിച്ച വ്യക്തിയുണ്ടെങ്കിൽ കുട്ടികൾക്ക് രോഗം ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കണ്ണിന് ആയാസമുണ്ടാകുന്ന ജോലികൾ ചെയ്യരുത്. ചികിത്സ തേടി വിശ്രമമെടുത്താൽ എത്രയും വേഗം ചെങ്കണ്ണ് ഭേദമാകുന്നതാണ്
Read Also : ഞൊട്ടയൊടിച്ചാൽ എല്ലുകൾക്ക് തേയ്മാനം വരുമോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ