ചെന്നൈ: ദ്രാവിഡ രാഷ്ട്രീയത്തിൽ ഡിഎംകെയുടെ പൂഴിക്കടകൻ. വിജയിയുടെ മുന്നേറ്റം തടയാനും ബിജെപിയുടെ വരവ് തടയാനും കമൽഹാസനെ കളത്തിലിറക്കാൻ ഉദയനിധിസ്റ്റാലിൻ. കമലിന്റെ വീട്ടിൽ ഒരുമണിക്കൂറോളംനീണ്ട കൂടിക്കാഴ്ചയിൽ തമിഴ്നാട് രാഷ്ട്രീയവും ദേശീയരാഷ്ട്രീയവും കലാ സാംസ്‌കാരിക കാര്യങ്ങളും ചർച്ചാവിഷയമായതായി ഉദയനിധി പറഞ്ഞു. പ്രിയസഹോദരൻ ഉദയനിധിയുമായുള്ള കൂടിക്കാഴ്ച അവിസ്മരണീയമായിരുന്നെന്ന് കമലും പറഞ്ഞു.
കഴിഞ്ഞ ദിവസം കമൽ ഹാസനെ രാജ്യസഭയിലേക്ക് അയക്കാൻ തീരുമാനം എടുത്തിരുന്നു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിർദേശപ്രകാരം ഡിഎംകെ നേതാവും മന്ത്രിയുമായ പികെ ശേഖർബാബു നടനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ജൂലൈയിൽ ഒഴിവ് വരുന്ന ആറു സീറ്റുകളിൽ ഒന്ന് കമൽ ഹാസന് നൽകാനാണ് ഡിഎംകെയുടെ തീരുമാനം. ആറെണ്ണത്തിൽ, കുറഞ്ഞത് നാല് സീറ്റിലെങ്കിലും അനായാസം വിജയിക്കാൻ ഡിഎംകെക്ക് കഴിയും. എന്നാൽ അഞ്ച് രാജ്യസഭ സീറ്റ് വരെ സ്വന്തമാക്കാൻ കഴിയുമെന്നാണ് ഡിഎംകെ കണക്ക് കൂട്ടൽ. കമൽ ഹാസന്റെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎംകെ സഖ്യത്തിലെത്തിയ കമൽ ഹാസന് രാജ്യസഭാ സീറ്റ് വാഗ്ദാനംചെയ്തുവെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന് നൽകുന്ന പിന്തുണയ്ക്ക് പകരമായി കമൽ ഹാസന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു.