മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ എന്ന ചിത്രം മലയാളി പ്രേക്ഷകർ മറന്നു കാണില്ല. അലീന- നിഖിൽ മഹേശ്വർ പ്രണയത്തിനൊപ്പം വിദ്യാസാഗറിന്റെ സംഗീതം കൂടിച്ചേർന്ന ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. ദൈവദൂതൻ റീ റിലീസിന് ഒരുങ്ങുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റുമായെത്തിരിക്കുകയാണ് സംവിധായകൻ സിബി മലയിൽ.
ദേവദൂതൻ റീമാസ്റ്റേർഡ് 4 K അറ്റ്മോസ് പതിപ്പ് തയ്യാറാകുന്നതായി അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ഒപ്പം സിനിമയുടെ പുതിയ പതിപ്പിന്റെ പണിപ്പുരയിലിരിക്കുന്ന ചിത്രവും സിബി മലയിൽ പങ്കുവെച്ചിട്ടുണ്ട്. സംവിധായകന്റെ പോസ്റ്റിന് താഴെ നിരവധിപ്പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ‘സ്ഫടികം റീ റിലീസ് പോലെ ഈ സിനിമയും വീണ്ടും തിയേറ്ററുകളിൽ കാണാൻ കാത്തിരിക്കുന്നു’, ‘ഇത് ചരിത്രമാകും’, ‘വിദ്യാസാഗറിന്റെ സംഗീതം തിയേറ്ററുകളിൽ കേൾക്കാൻ കൊതിയാകുന്നു’ എന്നിങ്ങനെ പോകുന്നു സിനിമാപ്രേർമികളുടെ പ്രതികരണങ്ങൾ.
2000 ലാണ് മിസ്റ്ററി ത്രില്ലർ ചിത്രമായ ദേവദൂതൻ റിലീസ് ചെയ്യുന്നത്. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരുങ്ങിയ സിനിമയിൽ വിശാൽ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. ജയപ്രദ, വിനീത് കുമാർ, മുരളി, ജഗതി ശ്രീകുമാർ, ജഗദിഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.