തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരെ സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ചതായി പരാതി. വിവാഹ സംഘത്തിലുള്ളവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്.
വിവാഹ സംഘത്തിൽ ഉള്ളവരെ നടപ്പന്തലിലേക്ക് കയറ്റിവിടുന്നത് സംബന്ധിച്ചാണ് തർക്കം ഉണ്ടായത്. വിവാഹ മണ്ഡപത്തിനടുത്ത് മൂന്ന് സെക്യൂരിറ്റിക്കാർ ചേർന്നാണ് ഭക്തരെ തടഞ്ഞുവെച്ച് മർദ്ദിച്ചത്.
സെക്യൂരിറ്റി ജീവനക്കാർ ഒരു ഭക്തന്റെ കൈ രണ്ടും പുറകിലേക്ക് പിടിച്ചു വച്ചിരിക്കുന്നതും മറ്റൊരു ഭക്തനെ ഷർട്ടിൽ പിടിച്ചു വലിക്കുന്നതും ദൃശ്യത്തിൽ കാണാം. അതേസമയം പരാതിയുമായി ദേവസ്വം ജീവനക്കാരും രംഗത്തെത്തി.
സെക്യൂരിറ്റി ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തിയെന്ന് ചൂണ്ടികാട്ടി പൊലീസിൽ ദേവസ്വം പരാതി നൽകിയിട്ടുണ്ട്. നേരത്തെയും ഗുരുവായൂർ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാർ ക്ഷേത്രത്തിൽ എത്തുന്നവരെ മർദ്ദിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.