തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. ഇയാൾ കേസിൽ പ്രതിയായ കാര്യം പൊലീസ് ഇൻ്റലിജൻസ് ബ്യൂറോയെ അറിയിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങളടക്കം പരിശോധിച്ച ശേഷമാണ് സുകാന്തിനെതിരെ നടപടിയെടുത്തത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ജോലി കഴിഞ്ഞിറങ്ങിയ ശേഷമാണ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയത്. സഹപ്രവർത്തകനും സുഹൃത്തുമായിരുന്ന സുകാന്തുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. എന്നാൽ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്ത ശേഷം വിവാഹ ബന്ധത്തിൽ നിന്നും സുകാന്ത് പിൻമാറിയതിൻെറ മാനസിക വിഷമനത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് കേസ്.
പെണ്‍കുട്ടി ഗർഭഛിത്രം നടത്തിയതിനുള്ള തെളിവുകളും ഇവർ തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റും ഉള്‍പ്പെടെ പൊലീസിന് ലഭിച്ചിരുന്നു. പെൺകുട്ടിയുടെ മരണത്തിനു പിന്നാലെ സുകാന്തും മാതാപിതാക്കളും പിന്നാലെ ഒളിവിൽ പോയി.
മകളുടെ അക്കൗണ്ടിൽ നിന്നും സുകാന്തിൻെറ അക്കൗണ്ടിലേക്ക് പണം കൈമാറിയ വിവരം ബന്ധുക്കള്‍ വെളിപ്പെടുത്തിയതോടെയാണ് പൊലീസ് സുകാന്തിനെതിരെ അന്വേഷണം ശക്തമാക്കിയത്. എന്നാൽ സുകാന്തിനെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല.