കോഴിക്കോട്: മോർഫ് ചെയ്ത വിഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ലെന്ന് വടകര എൽഡിഎഫ് സ്ഥാനാർഥി കെ കെ പ്രതികരിച്ചു. പോസ്റ്റർ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്. പല കുടുംബ ഗ്രൂപ്പുകളിലും ഇത്തരം പോസ്റ്ററുകൾ പ്രചരിക്കുന്നുണ്ട്. സൈബർ ആക്രമണങ്ങൾ തളർത്തിയിട്ടില്ല. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും ശൈലജ കൂട്ടിച്ചേർത്തു.
‘‘സൈബര്‍ ആക്രമണം എനിക്ക് ക്ഷീണം ഉണ്ടാക്കിയെന്ന് ആരും കരുതേണ്ട. എനിക്കെതിരെ എത്ര നുണ പ്രചരിപ്പിച്ചാലും ജനം അത് വിശ്വസിക്കില്ല. ജനം കാണട്ടെ, മനസിലാക്കട്ടെ. അവഗണിക്കാനാണ് ആദ്യം തീരുമാനിച്ചത്. സഹികെട്ടപ്പോഴാണ് പറഞ്ഞത്. ഞാന്‍ പറഞ്ഞത് പോസ്റ്ററിനെക്കുറിച്ചാണ്.
‘‘ആരാണ് ഈ മനോരോഗികള്‍? ചില മുസ്‌ലിം പേരുകളില്‍ ഐഡി ക്രിയേറ്റ് ചെയ്ത് തെറി വിളിച്ച് ഐഡി ഡിലീറ്റ് ചെയ്യുകയാണ് അവര്‍ ഇപ്പോള്‍ ചെയ്യുന്നത്. ഇതെല്ലാം പൊതുജനം മനസിലാക്കണം. എത്ര നുണ പ്രചരിപ്പിച്ചാലും ജനം വിശ്വസിക്കില്ല. നിപ വന്നിട്ട് പതറിയില്ല, പിന്നെയല്ലേ ഈ വൈറസ്.’’ – കെ.കെ.ശൈലജ പ്രതികരിച്ചു.