തിരുവനന്തപുരം : ഒരു കോടി പത്തുലക്ഷം രൂപയുടെ ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ സി.ഐക്കെതിരേ കേസ്. പോലീസ് അക്കാദമിയിലെ ട്രെയിനിങ് ഇൻസ്‌പെക്ടറായ സി.ഐക്കെതിരേയാണ് എറണാകുളം എളമക്കര പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കേസിൽ സി.ഐ. രണ്ടാം പ്രതിയാണ്. മറ്റു രണ്ട് പ്രതികൾ കൂടിയുണ്ട്. ക്രിപ്‌റ്റോ കറൻസിയുടെ പേരിൽ നടന്ന സാമ്പത്തിക ഇടപാടുകൾ ഡിജിറ്റൽ രീതിയിലാണ്. അതുകൊണ്ട് തന്നെ തെളിവുകളും പ്രത്യക്ഷത്തിൽ പോലീസിന് മുന്നിലുണ്ട്. എന്നിട്ടും അനേ്വഷിക്കാൻ തയാറാകുന്നില്ലെന്നാണു വിമർശനം. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുന്ന കേരളാ പോലീസിനുള്ളിലാണ് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന ആക്ഷേപം നേരിടുന്ന സി.ഐ. പോറൽപോലും ഏൽക്കാതെ തുടരുന്നത്.
ബിറ്റ്‌കോയിൻ ബിസിനസിൽ പണമിട്ടാൽ ലാഭമുണ്ടാക്കമെന്ന് പറഞ്ഞ് കഴിഞ്ഞ വർഷം ഒക്‌ടോബർ മുതൽ പരാതിക്കാരനെ വഞ്ചിച്ചെന്നാണ് പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നത്. ഐ.സി.ഐ.സി.ഐ. അക്കൗണ്ടിൽനിന്നാണ് ആരോപണവിധേയനായ സി. ഐയുടെ ഗൂഗിൾ പേ നമ്പറിലേക്കു ഒരു കോടിയിൽ അധികം കൈമാറിയതെന്നു എഫ്. ഐ. ആറിൽ പറയുന്നു. സി.ഐയുടെ വ്യക്തിഗത അക്കൗണ്ടിലേക്കും പണമിടപാട് നടന്നെന്നും വിശദീകരിക്കുന്നു.
എറണാകുളം ജില്ലാക്കോടതിയുടെ നിർദേശാനുസരണം ഫെബ്രുവരി 20ന് കേസെടുത്തിട്ടും തുടർനടപടികളുണ്ടായില്ല. പോലീസ് അക്കാദമിയിലെ ഉന്നതരും കണ്ണടച്ചു. അമ്പലപ്പുഴ സ്വദേശി എം. ഷൈൻ നൽകിയ പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ട് കേസെടുക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. പോലീസ് അക്കാദമിയിൽ ദീർഘകാലമായി ട്രെയിനിംഗ് ഇൻസ്‌പെക്ടറായ സി.ഐ. ആംഡ് ബറ്റാലിയൻ വിഭാഗമല്ല. ലോക്കൽ പോലീസിന്റെ ഭാഗമായിട്ടും ഉന്നത ബന്ധങ്ങൾ കാരണമാണ് പോലീസ് അക്കാദമിയിലെ സുഖവാസം.
വർഷങ്ങളായി ഇവിടെയാണ് ജോലി ചെയ്യുന്നത്. ഉന്നത ബന്ധങ്ങൾ കാരണമാണ് സി.ഐക്കെതിരേ എളമക്കര പോലീസ് ചെറുവിരൽപോലും അനക്കാത്തതെന്നും ആക്ഷേപമുണ്ട്. വകുപ്പു തല നടപടിയുമില്ല. പോലീസ്- ഗുണ്ടാ ബന്ധമെന്ന ആരോപണങ്ങളുടെ പേരിൽ സേനയാകെ പ്രതിക്കൂട്ടിൽ നിൽക്കുമ്പോഴാണ് ക്രിപ്‌റ്റോ കറൻസി ഇടപാടും ചർച്ചയാകുന്നത്. പോലീസിലെ സത്യസന്ധരായ ഉദ്യോഗസ്ഥർക്കു ഇതിൽ അമർഷമുണ്ട്.