സമരം തീർന്നിട്ടും പ്രതിസന്ധി തീരുന്നില്ല, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ ഇന്നും റദ്ദാക്കി. കരിപ്പൂർ, നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുളള വിമാനങ്ങളാണ് റദ്ദാക്കിയത്. കണ്ണൂർ, നെടുമ്പാശ്ശേരി എന്നിവിടങ്ങളിൽ നിന്നു രണ്ട് വീതം വിമാനങ്ങളും കരിപ്പൂരിൽ നിന്ന് ഒരു വിമാനവും റദ്ദാക്കിയതിൽ ഉൾപ്പെടുന്നു.
നെടുമ്പാശ്ശേരിയിൽ നിന്ന് 8.35ന് ദമാമിലേക്കും 9.30ന് ബഹ്റിനിലേക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. കണ്ണൂരിൽ നിന്നു റിയാദ്, മസ്കറ്റിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. 1.20ന് പുറപ്പെടേണ്ട ജിദ്ദ വിമാനം വൈകുന്നേരത്തേക്ക് പുനഃക്രമീകരിച്ചു. കരിപ്പൂരിൽ നിന്ന് 8. 25ന് പുറപ്പെടേണ്ട ദുബായ് വിമാനമാണ് റദ്ദാക്കിയത്.
റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക തിരിച്ചു വാങ്ങുകയോ ലഭ്യമായ മറ്റൊരു ദിവസത്തേക്ക് ബുക്കിങ് മാറ്റുകയോ ചെയ്യാമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏകദേശം 50 സർവീസുകളാണ് ഇന്നലെ മുടങ്ങിയത്. മെഡിക്കൽ അവധിയെടുത്ത കാബിൻക്രൂ അംഗങ്ങൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കി ഡ്യൂട്ടിയിൽ പുനഃപ്രവേശിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ കാലതാമസമാണ് സർവീസുകൾ റദ്ദാക്കാൻ ഇടയാക്കിയത്.
Read More: തെരഞ്ഞെടുപ്പ് ചട്ട ലംഘനം; നടൻ അല്ലു അർജുനെതിരെ കേസെടുത്ത് പോലീസ്