ഇടുക്കിയിൽ സിഐയെ വിമർശിച്ച ലോക്കൽ സെക്രട്ടറി തെറിച്ചു. ഏരിയാ കമ്മിറ്റിയിൽ പ്രതിഷേധം
ഇടുക്കി കാളിയാർ സിഐയെ വിമർശിച്ച സിപിഎം വണ്ണപ്പുറം ലോക്കൽ സെക്രട്ടറി ഷിജോ സെബാസ്റ്റ്യന്റെ സ്ഥാനം തെറിച്ചു. ഞായറാഴ്ചയാണ് സംഭവം.
വണ്ണപ്പുറത്ത് നടന്ന വണ്ണപ്പുറം, കാളിയാർ, മുള്ളരിങ്ങാട് ലോക്കൽ കമ്മിറ്റികളുടെ അതിർത്തി പുനർ നിർണയിക്കുന്നതിന് വിളിച്ചുചേർത്ത ജനറൽ ബോഡി യോഗത്തിൽ ജില്ലാ സെക്രട്ടറി സി.വി.വർഗീ സാണ് നടപടി പ്രഖ്യാപിച്ചത്.
ഈ നടപടിക്കെതിരേ പാർട്ടിക്കുള്ളിൽത്തന്നെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ജനറൽ ബോഡിയിൽ നിന്ന് ആറ് ലോക്കൽ കമ്മിറ്റി അംഗങ്ങളും മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരും ഉൾപ്പെടെ മുപ്പതിലധികം പേർ ഇറങ്ങിപ്പോയി.
ഒൻപത് ലോക്കൽ കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെയുള്ളവർ രാജിസന്നദ്ധത അറിയിച്ചതായാണ് വിവരം. പ്രവർത്തകർക്ക് ഇടയിലും പ്രതിഷേധം ഉയരുന്നുണ്ട്.
കാളിയാർ സിഐയെ വിമർശിച്ചുകൊണ്ട് പാർട്ടി പത്രം ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ ഷിജോ സെബാസ്റ്റ്യൻ പ്രസ്താവന നൽകിയിരുന്നു. പൊതുപ്രവർത്തകരോടും പൊതുജനങ്ങളോടും സിഐ മോശമായി പെരുമാറുന്നുവെന്നായിരുന്നു പ്രധാന ആക്ഷേപം.
ഇത് ആഭ്യന്തരവകുപ്പിനെ വിമർശിക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് ആരോപിച്ച് ഷിജോ സെബാസ്റ്റ്യനോട്, ജില്ല സെക്രട്ടറി വിശദീകരണം ചോദിച്ചിരുന്നു. മറുപടി നൽകിയെങ്കിലും തൃപ്തികരമല്ലെന്നായിരുന്നു പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ.
തുടർന്ന് ഷിജോ സെബാസ്റ്റ്യനെ സ്ഥാനത്തുനിന്ന് നീക്കാൻ തീരുമാനിക്കുകയായിരുന്നു. അമ്പിളി രവികലയ്ക്കാണ് സെക്രട്ടറിയുടെ പകരം ചുമതല. ഇതിൽ പ്രതിഷേധിച്ചാണ് നിരവധിപേർ യോഗത്തിൽനി ന്ന് ഇറങ്ങിപ്പോയത്.
കരിമണ്ണൂർ ഏരിയാ കമ്മിറ്റിയുടെ കീഴിലാണ് വണ്ണപ്പുറം ലോക്കൽ കമ്മിറ്റി. ഏരിയാ കമ്മിറ്റിയിൽ നാളുകളായി പ്രശ്നങ്ങൾ പുകയുകയാണ്. ഏരിയാ സെക്രട്ടറി അഴിമതി നടത്തുന്നുവെന്ന് ആരോപിച്ച് ഒരു കുറിപ്പ് പ്രചരിച്ചിരുന്നു.
Summary:
CPM Vannappuram local secretary Shijo Sebastian was removed from his position after criticizing the Idukki Kaliyar CI (Circle Inspector). The incident occurred on Sunday.









