സിപിഎമ്മിന്റെ തിരുവനന്തപുരം പാളയം ഏരിയ സമ്മേളനത്തിനായി ഈമാസം അഞ്ചിനു വഞ്ചിയൂരിൽ റോഡിന്റെ ഒരുവശം പൂർണമായി അടച്ച് സ്റ്റേജ് കെട്ടിയ സംഭവത്തിൽ തെറ്റു സമ്മതിച്ച് സിപിഎം. അത്തരത്തിൽ സ്റ്റേജ് കെട്ടേണ്ടിയിരുന്നില്ലെന്ന അഭിപ്രായം പാർട്ടിക്കുണ്ടെന്ന് ജില്ലാ സെക്രട്ടറി വി.ജോയി പ്രമുഖ മാധ്യമത്തോട് പറഞ്ഞു. CPM finally admits mistake in roadblock incident for conference
സിപിഎമ്മിന്റെ തിരുവനന്തപുരം പാളയം ഏരിയ സമ്മേളനത്തിനായി ഈമാസം അഞ്ചിനാണ് വഞ്ചിയൂരിൽ റോഡിന്റെ ഒരുവശം പൂർണമായി അടച്ചത്. ഇതിനെ രൂക്ഷഭാഷയിലാണ് കോടതി വിമർശിച്ചത്.
യോഗത്തിൽ പങ്കെടുത്തതാര്, എന്തെല്ലാം പരിപാടികൾ നടത്തി, എത്ര വാഹനങ്ങൾ കൊണ്ടുവന്നു തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു. പാർട്ടി സമ്മേളനത്തിനു റോഡ് അടച്ച് സ്റ്റേജ് കെട്ടാൻ ആരാണ് അധികാരം നൽകിയതെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. കേസ് റജിസ്റ്റർ ചെയ്തിരുന്നോ? എങ്ങനെയാണ് വൈദ്യുതി ലഭിച്ചത്? വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ നേരിട്ടു ഹാജരായി കാര്യങ്ങൾ വിശദീകരിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെയുള്ളവർക്കെതിരെ എറണാകുളം മരട് സ്വദേശി എൻ.പ്രകാശ് നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ബെഞ്ച് പരിഗണിച്ചത്.