ദില്ലി : ലോകത്ത് വീണ്ടും കോവിഡ് വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടന. ചെറിയ ഇടവേളയ്ക്ക് ശേഷം രോഗം പടർത്തുന്ന വൈറസിൽ രൂപവ്യത്യാസം സംഭവിക്കുന്നു. നിരീക്ഷണം ശക്തമാക്കുകയും പ്രതിരോധ നടപടികള്‍ ഊര്‍ജിതപ്പെടുത്തുകയും വേണമെന്ന് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നു. ശ്വാസകോശ രോഗങ്ങള്‍ക്കെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ വ്യക്തമാക്കി ലോകാരോഗ്യസംഘടനയുടെ ടെക്‌നിക്കല്‍ ലീഡ് മരിയ വാന്‍ കെര്‍ക്കോ ഒരു വീഡിയോ എക്സിൽ പങ്കുവച്ചു. ക്രിസ്മസ് – പുതുവത്സര ആഘോഷ സമയത്ത് എല്ലാവരും സ്വയം മുൻ കരുതൽ സ്വീകരിക്കണം. കോവിഡ്-19, ഫ്‌ലൂ, റൈനോവൈറസ്, മൈക്രോപ്ലാസ്മ ന്യുമോണിയെ, മറ്റ് സാര്‍സ് കോവ് 2 വൈറസുകള്‍ തുടങ്ങി ഒരുകൂട്ടം രോഗാണുക്കൾ ലോകം മുഴുവനും ശ്വാസകോശരോഗങ്ങളുടെ വര്‍ധനവിനു കാരണമാകുന്നുവെന്ന് മരിയ വീഡിയോയിൽ പറയുന്നു. അടച്ച മുറിയിലും വായുസഞ്ചാരമില്ലാത്ത ഇടങ്ങളിലുമുള്ള ഒത്തുചേരലുകള്‍ രോഗസാധ്യത കൂട്ടും. നിലവിലെ കേസുകളില്‍ 68 ശതമാനവും കൊറോണ വൈറസിന്‌റെ എക്‌സ്ബിബി ഉപവകഭേദം ജെഎന്‍1 കേസുകളാണെന്നും മരിയ വിശദീകരിച്ചു. ഇതാണ് കേരളത്തിലും സ്ഥിരീകരിച്ചിരിക്കുന്നത്. മറ്റ് ഒമിക്രോണ്‍ ഉപവിഭാഗങ്ങളില്‍ കണ്ടതിന് സമാനമായ ഗുരുതര രോഗസാധ്യത ജെഎന്‍1ലും തള്ളിക്കളയാനാകില്ല. എല്ലാവരും വാക്‌സിന്‍ സ്വീകരിക്കാനും ആവശ്യമെങ്കില്‍ മെഡിക്കല്‍ ഉപദേശം തേടാനും ലോകാരോഗ്യസംഘടന നിര്‍ദേശിച്ചു.
കോവിഡ് പ്രതിരോധമാര്‍ഗങ്ങളായ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ഹാന്‍ഡ് വാഷും സാനിറ്റൈസറും ഉപയോഗിക്കുക തുടങ്ങിയവ എല്ലാവരും പിന്തുടരണം. രോഗാണുബാധയുണ്ടായാല്‍ ഗുരുതരാവസ്ഥയിലേക്കു പോകുന്നില്ലെന്ന് ഉറപ്പാക്കണം. രോഗം ഗുരുതരമാകാതിരിക്കാനും മരണം ഒഴിവാക്കുന്നതിനും കോവിഡ്-19 വാക്‌സിന്‍ സഹായിക്കും. ഇതുവരെയുള്ള വിവരം അനുസരിച്ച് നിലവിലുള്ള വാക്‌സിന്‍ ജെഎന്‍1നെതിരെയും ഫലപ്രദമാണെന്നും മരിയ പറഞ്ഞു.
കേരളം കോവിഡിന്റെ സ്വന്തം നാട്.
ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം 1828 പേരിൽ രാജ്യത്താകമാനം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1634 പേർ കേരളത്തിൽ നിന്നാണ്. അയൽ സംസ്ഥാനങ്ങളായ കർണാടക, തമിഴ്നാട് എന്നിവിടയങ്ങളിൽ 60 വീതമാണ് രോഗികൾ. മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കോവിഡ് ഇല്ല. കൃത്യമായ പരിശോധന ഇല്ലാത്തതിനാൽ രോഗം തിരിച്ചറിയാതെ പോകുന്നതാകാമെന്ന് ആരോഗ്യമന്ത്രാലയം കരുതുന്നു. തിരുവനന്തപുരത്തെ കരകുളത്ത് നിന്ന് ഡിസംബർ എട്ടിന് ശേഖരിച്ച സാമ്പിളിലാണ് കോവിഡ് വകഭേദമായ ജെ.എൻ.1 കണ്ടെത്തിയത്. മുൻ വൈറസിനേക്കാൾ രോഗവ്യാപനം കൂടുതലാണ്. പക്ഷെ കോവിഡിനെതിരായി ഇപ്പോൾ പ്രചാരത്തിലുള്ള വാക്സിനുകൾ പുതിയ വകഭേദത്തെ നിയന്ത്രിക്കാൻ പ്രാപ്തമെന്ന് ലോകാരോഗ്യസംഘടനയുടെ ചൂണ്ടികാട്ടുന്നു. അത് കൊണ്ട് തന്നെ ഭയപ്പെടേണ്ട സാഹചര്യമില്ല എന്നാണ് സംസ്ഥാന ആരോഗ്യവകുപ്പും വ്യക്തമാക്കുന്നു. പനി, മൂക്കൊലിപ്പ്,തൊണ്ടവേദന, തലവേദന,ഗ്യാസ് സംബന്ധമായ നെഞ്ചരിച്ചൽ തുടങ്ങിയവയാണ് പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങൾ. അതിനാൽ വിദഗദ്ധ ചികിത്സ നേടാൻ വൈകരുത്.
Read Also : 18.12.2023. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ