ബംഗളൂരു: ഓർഡർ ചെയ്ത മോമോസ് ഉപഭോക്താവിന് എത്തിക്കുന്നതിൽ വീഴ്ചവരുത്തിയ സൊമാറ്റോ 60,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്. കർണാടക ധാർവാഡിലെ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷൻറെതാണ് ഉത്തരവ്.Court orders Zomato to pay Rs 60,000 compensation
കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ശീതൾ എന്ന യുവതി ഓൺലൈനിൽ മോമോസ് ഓർഡർ ചെയ്തത്. 133.25 രൂപ സൊമോറ്റോയിലൂടെ അടയ്ക്കുകയും ചെയ്തു. ഓർഡർ ചെയ്ത് പതിനഞ്ചു മിനിറ്റിനു ശേഷം ഫോണിൽ ഓഡർ ഡെലിവറി ചെയ്തു എന്ന സന്ദേശം ലഭിച്ചു. എന്നാൽ, തനിക്ക് ഓർഡർ ചെയ്ത മോമോസ് ലഭിച്ചില്ലെന്നും ഡെലിവറി ഏജന്റ് വീട്ടിൽ വന്നിട്ടില്ലെന്നും ശീതൾ പറഞ്ഞു.
റെസ്റ്ററൻറിൽ അന്വേഷിച്ചപ്പോൾ ഡെലിവറി ഏജൻറ് ഓർഡർ എടുത്തതായി അറിഞ്ഞു. വെബ്‌സൈറ്റ് വഴി ഡെലിവറി ഏജൻറിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഏജൻറ് പ്രതികരിച്ചില്ല. തുടർന്ന് ശീതൾ സൊമാറ്റോയോട് ഇ-മെയിൽ വഴി പരാതിപ്പെട്ടു. 72 മണിക്കൂർ കാത്തിരുന്നിട്ടും പ്രതികരണമൊന്നും ലഭിച്ചില്ല. തുടർന്ന്, 2023 സെപ്റ്റംബർ 13ന് ശീതൾ സൊമാറ്റോക്ക് വക്കീൽ നോട്ടീസ് അയച്ചു.
സോമാറ്റോയിൽ നിന്ന് മേയ് രണ്ടിന് 133.25 രൂപ തിരികെ ലഭിച്ചതായി ശീതൾ പറഞ്ഞു. പരാതിക്കാരന് വളരെയധികം അസൗകര്യവും മാനസിക സംഘർഷവും ഉണ്ടാക്കിയത് സൊമാറ്റോയുടെ സേവനത്തിൻറെ പോരായ്മയാണെന്ന് ഉപഭോക്തൃ കമീഷൻ ചൂണ്ടിക്കാട്ടി. ശീതളിനുണ്ടായ അസൗകര്യത്തിനും മാനസിക പീഡനത്തിനും നഷ്ടപരിഹാരമായി 50,000 രൂപയും കോടതിച്ചെലവായി 10,000 രൂപയും സൊമാറ്റോ നൽകണമെന്ന് കമീഷൻ പ്രസിഡൻറ് ഇഷപ്പ കെ ഭൂട്ടെ ഉത്തരവിൽ പറഞ്ഞു.