യുകെയിൽ മലയാളി യുവാവ് പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ടതായി സൂചന. യുകെയിൽ കാലങ്ങളായി കേട്ടുകേൾവി പോലും ഇല്ലാത്ത സംഭവത്തിനാണ് നാട് ഇപ്പോൾ സാക്ഷ്യം വഹിച്ചിരിക്കുന്നത്. പിറവം സ്വദേശിയായ യുവാവ് പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ടു എന്ന സ്ഥിരീകരിക്കാത്ത വാർത്തകൾ ഇപ്പോൾ പുറത്തുവരികയാണ്.
കസ്റ്റഡി മരണം എന്ന് ആരോപണം ഉയരുമ്പോഴും പോലീസ് പറയുന്നത് ഹൃദയാഘാതം മൂലം മരണപ്പെട്ടു എന്നാണ്. മരണത്തിൽ സംശയം ഉണ്ട് എന്ന് യുവാവുമായി ബന്ധപ്പെട്ടവർ പറയുമ്പോഴും ഇത് സ്ഥിരീകരിക്കത്തക്ക യാതൊരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം.
കുടുംബവഴക്കുമായി ബന്ധപ്പെട്ട് ഭാര്യ പോലീസിന്റെ സഹായം തേടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം എന്നാണ് അറിയുന്നത്. ഗാർഹിക പീഡനം ആരോപിച്ച യുവതി പോലീസിനെ വിളിച്ചതോടെ പോലീസ് സ്ഥലത്തെത്തി യുവാവിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയായിരുന്നു.
ഒരാഴ്ച മുൻപ് സംഭവിച്ച ഇത്രയും കാര്യങ്ങൾ അടുത്തിടെയാണ് മലയാളികൾക്കിടയിൽ ചർച്ചയായത്. തെക്കൻ ഇംഗ്ലണ്ടിലെ ഒരു പട്ടണത്തിൽ താമസിച്ചിരുന്ന യുവാവും യുവതിയും ആണ് ഇതെന്നാണ് സൂചനകൾ.