കൊച്ചി: കേരളത്തിലെ എൻസിപിയിലെ വിഭാഗീയത രൂക്ഷമെന്ന് റിപ്പോർട്ട്. സംസ്ഥാന മന്ത്രിസഭയിലെ പാർട്ടി പ്രതിനിധി എ കെ ശശീന്ദ്രനെ നീക്കാൻ സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ശ്രമം ഊർജ്ജിതമാക്കി.Controversy in NCP; The tug-of-war is on its way to the final stage
അതേസമയം, പി സി ചാക്കോയെ സംസ്ഥാന അധ്യക്ഷന്റെ കസേരയിൽ നിന്നും താഴെ ഇറക്കാനുള്ള ചരടുവലികൾ ശശീന്ദ്രനും ആരംഭിച്ചു. ഇതോടെ എൻസിപി സംസ്ഥാന ഘടകത്തിലെ തർക്കങ്ങൾ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.
ആദ്യകാലം മുതൽ കേരളത്തിലെ എൻസിപിയിൽ എ കെ ശശീന്ദ്രന് വലിയ സ്വാധീനമുണ്ടായിരുന്നു. എന്നാൽ, നിലവിൽ സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയുടെ പൂർണനിയന്ത്രണത്തിലേക്ക് പാർട്ടി സംവിധാനങ്ങളെത്തി.
ഇതോടെയാണ് ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസ് എം.എൽ.എ.യെ മന്ത്രിയാക്കാനുള്ള ശ്രമങ്ങൾ പി സി ചാക്കോ ആരംഭിച്ചത്. മന്ത്രിപദം വച്ചുമാറുന്നത് സംബന്ധിച്ച് നേരത്തേ തന്നെ പാർട്ടിക്കുള്ളിൽ ധാരണയുണ്ടെന്നാണ് ഔദ്യോഗിക നേതൃത്വം വ്യക്തമാക്കുന്നത്.
സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ, ശശീന്ദ്രൻ വിഭാഗവുമായി തെറ്റിയതോടെയാണ് തോമസ് കെ. തോമസിനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരാൻ തീരുമാനിച്ചത്. മന്ത്രിസ്ഥാനത്തുനിന്ന് മാറ്റുന്നത് തടയാൻ ശശീന്ദ്രൻ വിഭാഗവും നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.
പി.സി. ചാക്കോയെ സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റാനാണ് അവർ ആലോചിക്കുന്നത്. ചാക്കോ ദേശീയ വർക്കിങ് പ്രസിഡന്റായ സാഹചര്യത്തിൽ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മുഴുവൻസമയ ആളെ വയ്ക്കണമെന്ന ആവശ്യമാണ് ശശീന്ദ്രൻ വിഭാഗം ദേശീയ നേതൃത്വത്തിനു മുന്നിൽ വയ്ക്കുന്നത്. ഇതിനായി നേതാക്കൾ ദേശീയാധ്യക്ഷൻ ശരത്പവാറിനെ കാണും.
വരവുചെലവു കണക്കുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളാണ് ചാക്കോയും ശശീന്ദ്രൻ വിഭാഗവും തമ്മിൽ ഇടയുന്നതിലേക്ക് എത്തിയത്. ശശീന്ദ്രൻ വിഭാഗത്തിനാണ് പാർട്ടിയിലെ ട്രഷറർ സ്ഥാനം. കണക്കിൽ പിഴവ് ആരോപിച്ച് ചാക്കോ ശശീന്ദ്രൻ വിഭാഗത്തിനെതിരേ നീങ്ങി. അതിനുപിന്നാലെ ശശീന്ദ്രൻ വിഭാഗം സംസ്ഥാന പ്രസിഡന്റിനെ മാറ്റുന്നതിനുള്ള രഹസ്യയോഗം കോഴിക്കോട്ട് വിളിച്ചുചേർത്തു.
എൻ.സി.പി.യിൽ ശശീന്ദ്രൻ വിഭാഗം ആദ്യംമുതൽ പ്രബലമായിരുന്നു. പി.സി. ചാക്കോയെ കോൺഗ്രസിൽനിന്ന് എൻ.സി.പി.യിലേക്ക് കൊണ്ടുവരുന്നതിന് മുൻകൈയെടുത്തതും അവരായിരുന്നു.
ബഹുഭൂരിഭാഗം ജില്ലാ പ്രസിഡന്റുമാരും ചാക്കോയ്ക്ക് ഒപ്പമാണ് ഇപ്പോൾ. ചാക്കോ ശക്തമായി നീങ്ങിയാൽ, അതിനെ പ്രതിരോധിക്കാനുള്ള ശേഷി പാർട്ടിക്കുള്ളിൽ ശശീന്ദ്രൻ വിഭാഗത്തിനില്ല.
ഇപ്പോൾ നടക്കുന്ന മന്ത്രിമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സി.പി.എം. തങ്ങൾക്കൊപ്പം നിൽക്കുമെന്ന ഉറച്ച വിശ്വാസം ചാക്കോ പക്ഷത്തിനുണ്ട്. ദേശീയ നേതൃത്വത്തിന്റെ പിന്തുണയും അവർ ഉറപ്പിക്കുന്നുണ്ട്.