പയ്യോളി: കൊയിലാണ്ടിയിൽ വിദ്യാർത്ഥിയ്ക്ക് എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂര മർദ്ദനം. കൊയിലാണ്ടി കൊല്ലം ആർ. ശങ്കർ മെമ്മോറിയൽ എസ്എൻഡിപി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിലെ ബിഎസ്‌സി കെമിസ്ട്രി രണ്ടാംവർഷ വിദ്യാർത്ഥി സി ആർ അമലിനെയാണ് ഒരു കൂട്ടം വിചാരണ ചെയ്ത മർദിച്ചത്. മർദ്ദനത്തിൽ അമലിന്റെ മൂക്കിന്റെ പാലത്തിന് ചതവു പറ്റുകയും വലതുവശത്തെ കണ്ണിനു സമീപം നീരുവന്ന് വീർക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ അക്രമം നടത്തിയ സംഘം ഇടപെട്ട് സംഭവത്തെ അപകടമാക്കി മാറ്റുകയായിരുന്നു.
വീണ്ടും ഉപദ്രവിക്കുമോ എന്ന് ഭയന്ന് പേടിച്ചുപോയ അമൽ സത്യം പറഞ്ഞില്ല. വീട്ടിലെത്തി വേദന സഹിക്കാനാവാതായപ്പോൾ മാതാപിതാക്കളോട് വിവരം തുറന്നു പറഞ്ഞത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. ഉച്ചഭക്ഷണത്തിന് ശേഷം കോളേജ് ചെയർമാനായ ആർ അഭയ് കൃഷ്ണ ചിലകാര്യങ്ങൾ സംസാരിച്ചു തീർക്കാനുണ്ടെന്നും പുറത്തേക്കുവരണമെന്നും ആവശ്യപ്പെട്ടിരുന്നു. അമലിന്റെ ക്ലാസിലെ വിദ്യാർത്ഥി കൂടിയായ അഭയോടൊപ്പം മൂന്നു കൂട്ടുകാരുമായി അമൽ പോയി. കോളേജിന് സമീപത്തെ അടച്ചിട്ട വീടിന്‍റെ മുറ്റത്തേക്കാണ് അമലിനെ കൊണ്ടുപോയത്. ശേഷം കൂട്ടുകാരെ ചെയർമാൻ തിരിച്ചയച്ചുവെന്നും അമൽ പറഞ്ഞു.
കോളേജിലെയും സമീപത്തെ കോളേജിലെയും കൊയിലാണ്ടി ഏരിയാ കമ്മിറ്റിയിലെയും എസ്.എഫ്.ഐ. നേതാക്കളും പ്രവർത്തകരുമെല്ലാമായി 25-ഓളം പേരെയാണ് കണ്ടത്. റാഗിങ്ങുമായി ബന്ധപ്പെട്ട് രണ്ടാഴ്ചമുമ്പ് കോളേജിൽ അടി നടന്നിരുന്നു. ഈ അടിയുടെ സൂത്രധാരൻ അമലാണെന്ന് പറഞ്ഞായിരുന്നു ആക്രമണം. അമലിന്റെ തലയ്ക്കും മൂക്കിനും മുഖത്തും കൈമുഷ്ടി ചുരുട്ടി തുടരെ തുടരെ ആഞ്ഞ് കുത്തുകയായിരുന്നു. മൂക്കിൽ നിന്ന് ചോരയൊലിച്ചപ്പോൾ മുഖംതാഴ്ത്തിനിന്നപ്പോൾ അതിനും സമ്മതിച്ചില്ലെന്ന് അമൽ പറഞ്ഞു. നേരേ നോക്കാൻ ആവശ്യപ്പെട്ടു. ഒടുവിൽ തലകറങ്ങി നിലത്തിരുന്നപ്പോഴാണ് വിചാരണ നിർത്തി വിട്ടയച്ചത്.