കോഴിക്കോട്: തിരുവള്ളൂർ പഞ്ചായത്തിൽ കളിക്കളം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിനിടെ കയ്യാങ്കളി. വനിതാ പഞ്ചായത്തംഗങ്ങളെ മർദ്ദിച്ചെന്ന പരാതിയിൽ വൈസ് പ്രസിഡന്റ് അടക്കം നാലു പേർക്കെതിരെ കേസെടുത്തു.പഞ്ചായത്തിലെ കളിക്കള നിർമ്മാണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സംഘാടക സമിതി യോഗത്തിലാണ് തർക്കം നടന്നത്.(Complaint of assaulting women panchayat members)
സ്ഥലം ഏറ്റെടുക്കുന്നത് പഞ്ചായത്ത് ഭരണ സമിതിയിൽ ചർച്ച ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷമായ ഇടതു മുന്നണി ആരോപിച്ചു. കുറഞ്ഞ വിലയ്ക്ക് സ്ഥലം കിട്ടാനുണ്ടെന്നിരിക്കെ ഉയർന്ന വിലക്ക് സ്ഥലം വാങ്ങി, റിയൽ എസ്റ്റേറ്റ് മാഫിയയുമായി ഭരണ സമിതി ഒത്തുകളിച്ചു എന്നും കുറ്റപ്പെടുത്തി. ആരോപണങ്ങൾ ഉന്നയിച്ച ഇടത് അംഗങ്ങൾ യോഗം തടസ്സപ്പെടുത്താൻ ശ്രമിച്ചതോടെ ഉന്തും തള്ളുമായി.
സംഭവത്തിൽ എൽഡിഎഫ് അംഗങ്ങളുടെ പരാതിയിൽ വൈസ് പ്രസിഡന്റ് മുനീർ, അംഗങ്ങളായ ഡി പ്രജീഷ്, നിലിഷ, കാസിം എന്നിവർക്കെതിരെയാണ് വടകര പൊലീസ് കേസെടുത്തത്. 30 വർഷത്തിലധികം പഞ്ചായത്ത് ഭരിച്ച ഇടതു മുന്നണിക്ക് കളിക്കളം യാഥാർത്ഥ്യമാക്കാൻ സാധിക്കാത്തതിലെ ജാള്യതയാണ് ആരോപണങ്ങൾക്ക് പിന്നിലെന്നാണ് യുഡിഎഫ് അംഗങ്ങളുടെ വാദം.