കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ ലോറി ഉടമ മനാഫിനെതിരെ പൊലീസ് കേസെടുത്തു. ചേവായൂർ പൊലീസാണ് കേസെടുത്തത്. ഭാരതീയ ന്യായ് സംഹിതയിലെ 192, 120 (ഒ) കേരള പൊലീസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് പോലീസിന്റെ നടപടി.(Complaint by Arjun’s family; Police registered a case against the lorry owner Manaf)
വാർത്താ സമ്മേളനത്തിന് പിന്നാലെ സൈബർ ആക്രമണം രൂക്ഷമായതോടെ ഇന്നലെയാണ് സിറ്റി പോലീസ് കമ്മീഷണർക്ക് കുടുംബം പരാതി നൽകിയത്. മെഡിക്കൽ കോളേജ് എസിപിയുടെ കീഴിലുള്ള സംഘമാണ് പരാതി അന്വേഷിച്ചത്. സമൂഹമാധ്യമ അക്കൗണ്ടുകൾ ഇന്ന് പരിശോധിക്കുമെന്ന് എസിപി അറിയിച്ചിരുന്നു. ഇതിനിടെ സേവ് അർജുൻ ആക്ഷൻ കമ്മിറ്റി പിരിച്ചുവിട്ടിട്ടുണ്ട്. കമ്മിറ്റി പ്രവർത്തനം അവസാനിപ്പിക്കണമെന്ന് അർജുൻ്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
മനാഫ് തങ്ങളെ വൈകാരികമായി മാർക്കറ്റ് ചെയ്യുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസം അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ ആരോപിച്ചത്. മനാഫ് മാധ്യമങ്ങൾക്ക് മുന്നിൽ കള്ളം പറയുകയാണെന്നും ഫണ്ട് സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് ആളുകളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പൊതുജനങ്ങളാരും മനാഫിന് പണം നൽകരുതെന്നും തങ്ങൾ അത് സ്വീകരിക്കുന്നില്ലെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. യൂട്യൂബ് ചാനലുകളിൽ നിന്നും ആക്ഷേപം നേരിടുന്നതായും കുടുംബം ആരോപിച്ചിരുന്നു.