കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കുപ്രചരണം നടത്തിയ ഓൺലൈൻ പേജിനെതിരെ പരാതി. സംഭവത്തിൽ ന്യൂസ് ഓഫ് മലയാളം പേജിനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ ടൗൺ എസ് ഐ ആണ് പരാതി നൽകിയത്. കലാപാഹ്വാനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
ഇൻക്വസ്റ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ടും നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു, ഇത് കലാപത്തിന് വഴിവയ്‌ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് എസ് ഐ പരാതി നൽകിയത്.
അതേസമയം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വാദങ്ങൾ ഹൈക്കോടതിയിൽ പുരോഗമിക്കുകയാണ്. നവീൻ ബാബു തൂങ്ങിമരിച്ചതാണെന്ന് വിശ്വസിക്കുന്നില്ലെന്നും 55 കിലോ ഭാരമുള്ള നവീൻ ബാബുവിനെ കനം കുറഞ്ഞ കയറിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് കണ്ടെത്തിയതെന്നും കുടുംബം കഴിഞ്ഞദിവസം കോടതിയിൽ വാദിച്ചിരുന്നു.
ഇൻക്വസ്റ്റ് റിപ്പോർട്ടിൽ അടിവസ്ത്രത്തിൽ രക്തക്കറയുണ്ടായിരുന്നുവെന്ന് പറയുന്നു. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇത് വിശദീകരിക്കുന്നില്ലെന്നും കേസ് സിബിഐക്ക് കൈമാറണമെന്നുമാണ് നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം.
ശരിയായ രീതിയിലുളള പോസ്റ്റുമോർട്ടം നടന്നില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്. ഇതിനിടയിലാണ് കലാപാഹ്വാനത്തിന്റെ പേരിൽ ഓൺലൈൻ പേജിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.