ഉത്പാദനം കുത്തനെയിടിഞ്ഞതോടെ കൊക്കോ വില സർവകാല റെക്കോഡിൽ. വ്യാഴാഴ്ച ഉണങ്ങിയ കൊക്കോ പരിപ്പ് കിലോയ്ക്ക് 430 രൂപയ്ക്കാണ് വ്യാപാരികൾ ശേഖരിച്ചത്. പച്ച കൊക്കോയ്ക്ക് കിലോ 150 രൂപയും ലഭിച്ചു. അപ്രതീക്ഷിതമായ ഉയർന്ന വില കർഷകർക്ക് വൻ നേട്ടമാണുണ്ടാക്കിയത്. കഴിഞ്ഞ മൂന്നു വർഷമായി കമ്പോളങ്ങളിൽ പച്ച കൊക്കോയ്ക്ക് 32-42 രൂപയും ഉണങ്ങിയതിന് 165-215 രൂപയുമാണ് ലഭിച്ചിരുന്നത്. ഇടുക്കി , വയനാട് ജില്ലകളിലാണ് ഗുണമേന്മയുള്ള കൊക്കോ കൂടുതലായുള്ളത്. മേയ് – മുതൽ സെപ്റ്റംബർ വരെയാണ് സീസൺ.
സംസ്ഥാനത്തെ വ്യാപാരികളിൽ നിന്നും പാൽ ഉത്പന്നങ്ങളും ചോക്ലേറ്റും നിർമിക്കുന്ന സഹകരണ സംഘങ്ങളുടെയും പ്രൈവറ്റ് കമ്പനികളുടെയും ഏജൻസികൾ കൊക്കൊ ശേഖരിച്ച് ഗുജറാത്ത്, ബോംബെ, ഡൽഹി എന്നിവിടങ്ങളിലെ ഫാക്ടറികളിലേയ്ക്കാണ് കയറ്റി അയക്കുന്നത്. കൊക്കൊ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന മറ്റ് രാജ്യങ്ങളിൽ ഉത്പാദനം കുറഞ്ഞതും കൊക്കൊ പരിപ്പിന് മറ്റു കൃത്രിമ ബദലുകൾ നിർമിക്കാനാവാത്തതും കൊക്കൊയ്ക്ക് വില സ്ഥിരത ഉറപ്പുവരുത്തുന്നുണ്ട്. വർഷം 20 ശതമാനത്തോളം ആവശ്യം അഭ്യന്തര വിപണിയിൽ കൊക്കൊയ്ക്ക് വർധിച്ചു വരുന്നതും പ്രതീക്ഷ നൽകുന്നു. വലിയ പരിചരണവും വിളവെടുപ്പു ചെലവുമില്ലാത്തതിനാൽ മികച്ച രീതിയിൽ ഇടവിളകൃഷി മുന്നോട്ട് കൊണ്ടുപോകാം.
Read Also: മലയാളത്തിന്റെ ‘ദൃശ്യം’ ഹോളിവുഡിലേക്ക്; കൊറിയനിലും സ്പാനിഷിലും ഒരുങ്ങുന്നു