മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂർഖൻ
കണ്ണൂർ: പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. കാർഡിയോളജി വാർഡിലെ ശുചിമുറിയിലാണ് പാമ്പിനെ കണ്ടത്. ബി ബ്ലോക്കിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം.
ആശുപത്രിയുടെ രോഗിയുടെ കൂട്ടിരിപ്പുകാരാണ് ശുചിമുറിയിലേക്ക് ഇഴഞ്ഞുകയറുന്ന മൂർഖൻ പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട കൂട്ടിരിപ്പുകാർ ഭയന്ന് പുറത്തേക്കോടി.
പിന്നീട് ആശുപത്രി ജീവനക്കാർ എത്തിയാണ് പാമ്പിനെ പിടികൂടിയത്. പരിയാരത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പലപ്പോഴും പാമ്പിനെ കാണാറുണ്ടെന്നാണ് ആക്ഷേപം ഉയരുന്നത്.
പരിയാരം മെഡിക്കൽ കോളേജ് ‘വെന്റിലേറ്ററി’ൽ
കണ്ണൂർ: കോട്ടയം മെഡിക്കൽ കോളേജിലെ അപകടം ഞെട്ടലോടെയാണ് ജനം വായിച്ചറിഞ്ഞത്. അധികൃതരുടെ അനാസ്ഥ മൂലം പൊലിഞ്ഞത് ബിന്ദു എന്ന വീട്ടമ്മയുടെ ജീവിതമാണ്. പത്തും ഇരുപതുമല്ല 68 വർഷം പഴക്കമുള്ള കെട്ടിടമാണ് തകർന്നടിഞ്ഞത്.
ഇത് കേരളത്തിലെ ഒരു ജില്ലയിലെ മാത്രം സ്ഥിതിയല്ല. കോട്ടയം മെഡിക്കൽ കോളേജിനേക്കാൾ പരിതാപകരമാണ് കണ്ണൂർ പരിയാരം മെഡിക്കൽ കോളജിന്റെ സ്ഥിതി. 75 വർഷം പഴക്കമുള്ള ഓടിട്ട കെട്ടിടമാണ് ഇവിടെ വിദ്യാർത്ഥികൾക്ക് ഹോസ്റ്റലായി ഉപയോഗിക്കുന്നത്.
ഓടിളകി തലയിൽ വീഴല്ലേ എന്ന പ്രാർത്ഥനയിലാണ് ഇവിടെ താമസിക്കുന്നവർ. വിദ്യാർഥികളുടെ ഹോസ്റ്റലിനു പുറമെ ജീവനക്കാരുടെ ക്വാർട്ടേഴ്സായും ലൈബ്രറിയായും ഈ കെട്ടിടം ഉപയോഗിക്കുന്നുണ്ട്.
ടിബി ആശുപത്രിയുടെ പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നഴ്സിങ് കോളജിന്റെ ലൈബ്രറി കെട്ടിടം കഴിഞ്ഞമാസം മഴയിൽ തകർന്നു വീണിരുന്നു. 1950ൽ ടിബി ആശുപത്രിക്കായി നിർമിച്ച കെട്ടിടങ്ങളാണ് ഹോസ്റ്റലായി ഉപയോഗിച്ചിരുന്നത്.
ജീവനക്കാർ താമസിക്കുന്ന പല ക്വാർട്ടേഴ്സും ഏതു സമയത്തും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്. പ്ലാസ്റ്റിക് ഷീറ്റ് ഓടിന്റെ മുകളിൽ വിരിച്ചാണ് ഇവിടെ മഴക്കാലത്ത് ചോർച്ച തടയുന്നത്.
വിവിധ ചികിത്സാ പദ്ധതിയിൽ ചെലവിട്ട വകയിൽ സർക്കാരിൽ നിന്നും മെഡിക്കൽ കോളജിന് ലഭിക്കാനുള്ളത് 110 കോടി രൂപയാണ്. മരുന്നു കമ്പനിക്കാർക്കു പണം നൽകാൻ കഴിയാത്തതിനാൽ മരുന്നു വിതരണവും നിലക്കുന്ന അവസ്ഥയിലാണ്.
നോക്കു കുത്തികളായി ലിഫ്റ്റുകൾ
എട്ടു നിലകളാണ് ആശുപത്രി സമുച്ചയത്തില്‍ ഉള്ളത്. എന്നാൽ ഇവിടെ പുതുതായി സ്ഥാപിച്ച നാലു ലിഫ്റ്റുകളും അടിക്കടി പ്രവർത്തനരഹിതമാകും.
സർക്കാർ ഏറ്റെടുത്തതിന് ശേഷം ആശുപത്രിയിൽ മൂന്ന് വർഷം മുമ്പ് 40 കോടി രൂപയുടെ നവീകരണ പ്രവർത്തികൾ ആണ് തുടങ്ങിയിരുന്നത്. ഇതിലുൾപ്പെടുത്തി നിർമിച്ച ലിഫ്റ്റുകളാണ് അടിക്കടി കേടാകുന്നത്.
സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധനകൾ താഴത്തെ നിലയിലാണ് പ്രവർത്തിക്കുന്നത്. ലിഫ്റ്റ് തകരാറിലാകുന്നതോടെ പടിയിറങ്ങി വേണം രോഗികൾ താഴത്തെ നിലയിൽ എത്താൻ. ഇനി കേടായിക്കിടക്കുന്ന ലിഫ്റ്റ് നന്നാക്കിയാലും ഏതാനും ദിവസം കഴിയുമ്പോൾ വീണ്ടും കേടാകും.
രണ്ടു മാസത്തിനുള്ളിൽ 10 ലിഫ്റ്റുകൾ പ്രവർത്തന ക്ഷമമാകുമെന്ന് ആണ് സൂപ്രണ്ട് ഡോ. കെ. സുദീപ്‍ പറയുന്നത്.
അതേസമയം ആശുപത്രിയിൽ മൂന്നു ഫാർമസികളുണ്ടെങ്കിലും മരുന്നു വാങ്ങണമെങ്കിൽ പുറത്തെ മെഡിക്കൽ ഷോപ്പിൽ പോകണം. ഇരുപതു ലക്ഷം ചെലവിട്ടു നവീകരിച്ച കെട്ടിടമുണ്ടായിട്ടും ഫലമില്ല. മരുന്നുകൾ ആശുപത്രി വരാന്തയിൽ കെട്ടിക്കിടക്കുകയാണ്.
പ്രത്യേക ഊഷ്മാവിൽ സൂക്ഷിക്കേണ്ട മരുന്നുകളടക്കമാണ് ഈർപ്പമടിച്ച് വരാന്തയിൽ കെട്ടിക്കിടക്കുന്നത് കാണാം. ആശുപത്രി ഫാർമസിയിൽ എസി ശരിയായി പ്രവർത്തിക്കാത്തതും മരുന്നുകളുടെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
അത്യാവശ്യത്തിനുള്ള മരുന്നു പോലും ചിലപ്പോൾ ഫാർമസിയിൽ നിന്ന് ലഭിക്കാത്ത സാഹചര്യമാണ് എന്ന് രോഗികൾ പറയുന്നു.
Summary: A cobra was found inside the cardiology ward toilet at Pariyaram Government Medical College Hospital. The incident occurred in Block B early yesterday morning, raising serious safety concerns.