വീടിന്റെ ടെറസ്സിൽ കളിച്ചുകൊണ്ടിരുന്ന 2 കുട്ടികളെ അക്രമി കഴുത്തറുത്തു കൊലപ്പെടുത്തി. യുപിയിലെ മണ്ഡി സമിതി പോലീസ് സ്‌റ്റേഷനു കീഴിലുള്ള ബുദൗണിലെ ബാബ കോളനിയിലാണ് സംഭവം. കുട്ടികളുടെ പിതാവുമായുള്ള തർക്കത്തെ തുടർന്നാണ് സംഭവമെന്നാണ് സൂചന. സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ കട തീയിട്ടതിന് പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായി. ചൊവ്വാഴ്ച് വൈകുന്നേരത്തോടെ കുട്ടികളുടെ വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമി സഹോദരങ്ങളായ 12 ഉം 8 ഉം വയസുള്ള രണ്ട് കുട്ടികളെ കൊലപ്പെടുത്തുകയായിരുന്നു.ഇരുവരും ടെറസിൽ കളിക്കുന്നതിനിടയിലാണ് കൊലപാതകം അരങ്ങേറിയത്.
സംഘർഷാവസ്ഥയുണ്ടായ സ്ഥലങ്ങളിൽ സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ലെന്നു പോലീസ് അറിയിച്ചു. അക്രമിയും കുട്ടികളുടെ പിതാവും തമ്മിലുള്ള വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പോലീസുമായുള്ള എറ്റുമുട്ടലിൽ കൊലയാളി കൊല്ലപ്പെട്ടു. കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസുകാർക്കെതിരെ വെടിയുതിർക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് കൊലയാളി കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.