നേമം: ഡേ കെയറിൽ നിന്ന് ആരുമറിയാതെ ഒന്നരകിലോമീറ്റർ നടന്ന് വീട്ടിലെത്തി രണ്ടര വയസുകാരൻ. വെള്ളായണി കാക്കാമൂലയിൽ തിങ്കളാഴ്ചയാണ് സംഭവം. സുധീഷ് – അർച്ചന ദമ്പതികളുടെ മകൻ അങ്കിത് ആണ് ഡേ കെയറിൽ നിന്ന് ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്നു എത്തിയത്. കുട്ടി ഇറങ്ങിപ്പോയത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. സംഭവത്തിൽ പോലീസും ചൈൽഡ് ലൈനും കേസെടുത്തു.
അധ്യാപികമാർ ഉൾപ്പെടെ 4 പേരാണ് ഡേ കെയറിൽ ഉള്ളത്. 3 പേർ സമീപത്ത് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയിരുന്നതിനാൽ ഒരു അധ്യാപിക മാത്രമാണ് ഡേകെയറിൽ ഉണ്ടായിരുന്നത്. മുതിർന്ന കുട്ടികളെ ശുചിമുറിയിലേക്കു വിട്ട സമയത്ത് രണ്ടര വയസ്സുകാരൻ പുറത്തിറങ്ങുകയായിരുന്നു എന്നാണ് വിവരം. കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടിയെ കണ്ട് വീട്ടുകാര്‍ പരിഭ്രാന്തരാകുകയായിരുന്നു.
അങ്കണവാടി ജീവനക്കാരുടെ അനാസ്ഥയ്‌ക്കെതിരെയാണ് ചൈല്‍ഡ് ലൈന്‍ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുട്ടി പേടിച്ചും കരഞ്ഞും വീട്ടിലേക്ക് പോകുന്നത് ദൃശ്യങ്ങളിൽ കാണാം.
Read Also: ഉത്തരവുകൾ ഫലം കണ്ടില്ല; സംസ്ഥാനത്ത് അവയവം കാത്ത് 3394 പേർ