സപ്ലൈകോ ഓണച്ചന്ത ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: സപ്ലൈകോയുടെ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. വൈകുന്നേരം 4.00 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഇ.കെ.നായനാര്‍ പാര്‍ക്കില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
ഭക്ഷ്യ- പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്‍, എം.എല്‍.എ.മാരായ ആന്റണി രാജു. കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവർ പങ്കെടുക്കും.
സപ്ലൈകോ സബ്‌സിഡി- നോണ്‍സബ്‌സിഡി ഉത്പന്നങ്ങള്‍ക്കു പുറമെ കൈത്തറി, കുടുംബശ്രീ, മില്‍മ ഉത്പന്നങ്ങളും പച്ചക്കറിയും പ്രത്യേക സ്റ്റാളുകളില്‍ വിൽപ്പനക്കായി ഉണ്ടാകും.
കരകുളം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള കാസ്‌ക്കോ വില്ലേജില്‍ നിന്നും വിളവെടുപ്പ് നടത്തിയ ജൈവ പച്ചക്കറി ഉത്പന്നങ്ങളാണ് ചന്തയില്‍ ലഭ്യമാക്കുക. ഓണത്തിനായി സപ്ലൈകോ രണ്ടര ലക്ഷത്തോളം ക്വിന്റല്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചിട്ടുണ്ട്.
എല്ലാവർഷവും ഓണക്കാലത്ത് നിലവില്‍ നൽകി വരുന്ന 8 കിലോ സബ്‌സിഡി അരിയ്ക്കു പുറമെ കാര്‍ഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25 രൂപ നിരക്കില്‍ സ്‌പെഷ്യല്‍ അരിയായി ലഭ്യമാക്കും. കൂടാതെ സബ്‌സിഡി നിരക്കില്‍ നല്കുന്ന മുളകിന്റെ അളവ് അരക്കിലോയില്‍ നിന്നും ഒരു കിലോയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
250 ല്‍ അധികം ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് ഓഫറുകളും വിലക്കുറവും നൽകുന്നത്. ഈ വർഷം ഉത്രാട ദിനമായ സെപ്റ്റംബര്‍ 4 വരെയാണ് ജില്ലാ ഫെയറുകള്‍ സംഘടിപ്പിക്കുക.
എല്ലാ നിയോജകമണ്ഡലങ്ങളിലും ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 4 വരെ ഒരു പ്രധാന ഔട്ട് ലെറ്റിനോട് അനുബന്ധിച്ച് ഫെയറുകളും സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ സഞ്ചരിക്കുന്ന ഓണച്ചന്തകളും ഒരുക്കിയിട്ടുണ്ട്.
സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം സഞ്ചരിക്കുന്ന ഓണച്ചന്തകള്‍ മുഖേന മിതമായ നിരക്കില്‍ നിത്യോപയോഗസാധനങ്ങള്‍ കൂടാതെ സബ്‌സിഡി ഉല്പന്നങ്ങളും ലഭ്യമാക്കും.
Summary: Chief Minister Pinarayi Vijayan will inaugurate the state-level Supplyco Onam Fair today at 4 PM at E.K. Nayanar Park, East Fort, Thiruvananthapuram.









