അഡ്വ. ചാർളി പോൾ
(ട്രെയ്നർ, മെൻ്റർ)
——————+———–
രാസലഹരികൾ സമൂഹത്തിൽ ദുരന്തം വിതയ്ക്കുകയാണ്. ഒറ്റത്തവണ ഉപയോഗം മതി തീർന്നു ജീവിതം. എലിക്കെണി പോലെ എന്ന് പറയാം. പെട്ടാൽ പ്പെട്ടു. സർവ്വനാശം വിതയ്ക്കുന്ന ലഹരിക്കെതിരെ മാതാപിതാക്കൾ ജാഗ്രത പാലിക്കണം.
ലഹരിപദാർത്ഥങ്ങളോട് എളുപ്പത്തിൽ ചായ്‌വ് ഉണ്ടാവുന്ന സാഹചര്യമാണോ കുട്ടിക്ക് എന്ന് നിരീക്ഷിക്കണം .കുട്ടിക്ക് ഉണ്ടാകുന്ന പെരുമാറ്റ പ്രശ്നങ്ങൾ നേരത്തെ കണ്ടറിഞ്ഞ് പരിഹരിക്കണം .ഹൈപ്പർ ആക്ടിവിറ്റി, ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡർ, ബൈപോളാർ ഡിസോർഡർ തുടങ്ങിയ അവസ്ഥകളെല്ലാം നേരത്തെ കണ്ടെത്തി പരിഹരിക്കേണ്ട വയാണ്. ഇത്തരം പ്രശ്നങ്ങളുള്ള കുട്ടികൾ ലഹരിക്ക് മുന്നിൽ ദുർബലരാകും.
കുട്ടികൾക്ക് ചെറുപ്രായത്തിൽ തന്നെ കലകളിലും കായിക ഇനങ്ങളിലും പരിശീലനം നൽകുകയും അവരുടെ താൽപര്യമനുസരിച്ച് ഇഷ്ടവിനോദങ്ങളിൽ ഏർപ്പെടാൻ സമയം കണ്ടെത്തുകയും ചെയ്യണം .രണ്ടാം ക്ലാസ് മുതലെങ്കിലും കുട്ടികളോട് എന്താണ് ലഹരി എന്നും എന്തൊക്കെയാണ് അതിൻറെ ദോഷങ്ങൾ എന്നും ലഘുവായി പറഞ്ഞ് മനസ്സിലാക്കണം .സിഗരറ്റ് വലി മൂലം രക്തക്കുഴലുകൾ അടഞ്ഞ ഹൃദ്രോഗത്തിനും അർബദത്തിനും വരെ കാരണമാകുന്നു എന്നും കഞ്ചാവും മയക്കുമരുന്നുകളും തലച്ചോറിന്റെ പ്രവർത്തനങ്ങളെ തകരാറിലാക്കി വ്യക്തികളെ മാനസിക രോഗികൾ ആക്കി മാറ്റുന്നുവെന്നും വിശദീകരിക്കാം. 10 വയസ്സിനുള്ളിൽ കുട്ടികളുടെ ഉള്ളിൽ ലഹരിക്കെതിരായ ചിന്ത പ്രതിഷ്ഠിക്കാൻ ആകണം.
ബീഡി ,സിഗരറ്റ് , പാൻമസാല, ബിയർ തുടങ്ങിയവയുടെ ഉപയോഗം നിസ്സാരമാണെന്ന് കരുതി തള്ളരുത്.അവ വലിയ ലഹരിയിലേക്ക് തുറക്കുന്ന വാതിലുകൾ ആകാം.
കുട്ടിയും മാതാപിതാക്കളും തമ്മിൽ എന്തും തുറന്നുപറയുന്ന ബന്ധം വേണം .പരീക്ഷയിലെ തോൽവിയോ മറ്റു മാനസിക സംഘർഷങ്ങളോ ഉണ്ടായാൽ ലഹരിയിൽ അഭയം പ്രാപിക്കാതെ വീട്ടിൽ അത് തുറന്നു പറയാൻ അവസരം ഉണ്ടാകണം. ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തുറന്നു പറയാൻ ഭയപ്പെടുന്ന അവസ്ഥ വീട്ടിൽ ഉണ്ടാകരുത് .എന്തു സംഭവിച്ചാലും അത് തുറന്നു പറഞ്ഞാൽ മാനസിക പിന്തുണ വീട്ടിൽ നിന്ന് ലഭിക്കുമെന്ന് ബോധ്യപ്പെടുത്താൻരക്ഷിതാക്കൾക്ക് കഴിഞ്ഞാൽ വലിയൊരു അളവ് കുട്ടികൾ ലഹരി വഴികളിൽ ചെന്ന് ചാടുന്നത് തടയാനാകും.
അവരുടെ ബാഗ് ,ലഞ്ച് ബോക്സ്, വസ്ത്രങ്ങൾ എന്നിവയിൽ ഒരു കണ്ണ് വേണം. പരിചയമല്ലാത്ത ഗന്ധം, പൊടി തുടങ്ങിയവയുണ്ടോ എന്ന് നോക്കണം. എന്നാൽ സദാസമയവും സംശയത്തിന്റെ നിഴലിൽ നിർത്തി വിശ്വാസമില്ലാത്ത വിധം നിരീക്ഷണത്തിന് വിധേയമാക്കുന്നത് കുട്ടികളും മാതാപിതാക്കളും തമ്മിൽ അകൽച്ചയുണ്ടാകാൻ കാരണമാകും.
സ്ഥിരമായ ക്ഷീണം, ഉറക്കമില്ലായ്മ ,തുടർച്ചയായ ഉറക്കം , മന:പ്പൂർവ്വമായി മാതാപിതാക്കളോട്സൂക്ഷിക്കുന്ന അകലം, അമിത ദേഷ്യം, അസഹിഷ്ണുത , മുറി അടച്ചുള്ള ഇരിപ്പ് എന്നിങ്ങനെയുള്ള അസ്വാഭാവിക രീതികൾ നിരീക്ഷിക്കണം .അവ കണ്ടാൽ തുറന്നു സംസാരിക്കണം.
പഠനത്തിൽ താൽപര്യം കുറയുക ,പല കള്ളങ്ങൾ പറഞ്ഞ് പണം ആവശ്യപ്പെടുക ,സ്വന്തം സാധനങ്ങൾ വിൽക്കുക, മോഷണശ്രമം നടത്തുക ,പുതിയ രഹസ്യ സൗഹൃദങ്ങൾ ഉണ്ടാക്കുക, പ്രായത്തിന് യോജിക്കാത്ത തരത്തിൽ മുതിർന്ന സുഹൃത്തുക്കൾ വരിക തുടങ്ങിയവയെല്ലാം ലഹരി ഉപയോഗ ലക്ഷണങ്ങൾ ആകാം.
ഗുളിക ,സിഗരറ്റ് , സിറിഞ്ച്, ഉപയോഗമില്ലാത്ത എടിഎം കാർഡ് എന്നിവ കൈവശം സൂക്ഷിക്കുന്നത് ശ്രദ്ധിക്കണം .പൊടി പോലെയുള്ള ലഹരിവസ്തു ഉപയോഗിക്കുന്നവർ പഴയ എടിഎം കാർഡ് പോലെയുള്ളവ കരുതും. മൊബൈൽ ഫോണിന്റെ ചില്ലിലോ വശങ്ങളിലോ പൊടി പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കണം .അടികരിഞ്ഞ സ്പൂൺ,ലൈറ്റർ ,ചുരുട്ടിയ നോട്ടുകൾ, പഴയ ലോട്ടറികൾ, ഉപയോഗിച്ച ഒട്ടേറെ ടിഷ്യൂ പേപ്പർ, ഒന്നിലധികം തൂവാലകൾ എന്നിവ ബാഗിലോ മുറിയിലോ കണ്ടാൽ ശ്രദ്ധിക്കണം.
കൈകളിലോ ദേഹത്തോ കുത്തിവെയ്പ്പിന്റെ പാടുകളോ അസാധാരണമായി നിറവ്യത്യാസമോ കണ്ടാൽ നിരീക്ഷിക്കണം.
മഴയെന്നോ വെയിലെന്നോ വ്യത്യാസമില്ലാതെ എല്ലാ സമയത്തും സ്വെറ്റർ ധരിക്കുന്നവരിലും ശ്രദ്ധ വേണം.
നമുക്ക് നേരിട്ട് അറിയാത്ത ലഹരിയുടെ പ്രഭകേന്ദ്രങ്ങൾ ഉണ്ട് .ലഹരി സംഘങ്ങളുമായി ബന്ധപ്പെടാനും ലഹരിമരുന്ന് വാങ്ങാനും പുതിയ തലമുറ വ്യാപകമായി ഉപയോഗിക്കുന്ന മാധ്യമം ഡാർക്ക് വെബ്ബ് ആണ്. അധ്യാപകരും മാതാപിതാക്കളും പൊതുവേ ഇക്കാര്യത്തിൽ അജ്ഞരാണെന്ന് ആനുകൂല്യം അവർ മുതലെടുക്കുന്നു .മക്കൾ കമ്പ്യൂട്ടറിനു മുൻപിൽ ഇരിക്കുന്നു എന്നല്ലാതെ എന്ത് ചെയ്യുന്നു എന്നു കൂടി അറിയണം.
ഇൻറർനെറ്റ് ഉപയോഗത്തിൽ കുട്ടികൾക്ക് ബോധ്യപ്പെടുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം .കുട്ടികളുടെ ഫോണിൽ അവർ കൂടി അനുവദിക്കുന്ന സ്വാതന്ത്ര്യം രക്ഷിതാക്കൾക്ക് ഉണ്ടാകണം.
ലഹരി ഉപയോഗിക്കുന്നു എന്ന് കണ്ടാൽ രക്ഷിതാക്കളുടെ പ്രതികരണം പ്രധാനമാണ്. കുട്ടി ക്ഷമിക്കാനാവാത്ത വിധം കുറ്റം ചെയ്തുവെന്ന മട്ടിൽ തട്ടിക്കയറരുത് .തെറ്റ് ചെയ്തതിലാണ് അതൃപ്ത് വേണ്ടത്.’ തെറ്റ് ചെയ്ത കുട്ടിയിൽ അല്ല . ഉപദേശിച്ചു ബോറടിപ്പിക്കാതിരിക്കുക .കുറ്റബോധം കുറയ്ക്കാനാണ് ശ്രമിക്കേണ്ടത്.
എങ്ങനെയാണ് അവർ ലഹരി ഉപയോഗിക്കാൻ ഇടയായതെന്ന് അനുതാപ പൂർവ്വം അന്വേഷിച്ചറിയണം .കുറ്റപ്പെടുത്താതെ ശാന്തമായും സമാധാനത്തോടെയും അവർക്ക് പറയാനുള്ളത് ശ്രദ്ധയോടെ കേൾക്കണം. കുട്ടികളുടെ വികാരങ്ങളെ അംഗീകരിക്കണം.
ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നവരുടെ സമ്മർദ്ദം അതിജീവിക്കാൻ സ്വഭാവ ദൃഢതാ പരിശീലനം നൽകണം. തനിക്ക് അനാരോഗ്യകരമായ ഒരു കാര്യം ചെയ്യാൻ സുഹൃത്തുക്കൾ നിർബന്ധിച്ചാൽ സൗഹൃദം മുറിഞ്ഞു പോകാതെ തന്നെ “സാധ്യമല്ല” എന്ന് പറയാനുള്ള നിപുണതയാണ് സ്വഭാവ ദൃഢത.
മാനസിക സമ്മർദ്ദം ആണെങ്കിൽ ചികിത്സ നൽകണം. പഠനപ്രശ്നം കാരണമാണെങ്കിൽ അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തി കുട്ടിയെ സഹായിക്കാൻ ഇടപെടണം .ഏത് പ്രതിസന്ധിയിലും നിനക്ക് ഞങ്ങളുണ്ട് എന്ന സന്ദേശം നൽകി കുട്ടിയെ ചേർത്തുപിടിക്കണം.
ചെറുപ്രായം മുതൽ അരമണിക്കൂർ എങ്കിലും കുട്ടികളോടൊപ്പം ചെലവഴിക്കണം ഈ സമയം കുട്ടികൾക്ക് പറയാനുള്ളത് കേൾക്കണം. കുട്ടികളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ സംഭവവും വിശദീകരിക്കുമ്പോൾ താല്പര്യപൂർവ്വം കേട്ടിരിക്കുന്ന ശീലം വികസിപ്പിച്ചെടുത്താൽ അവർ കൗമാരത്തിലേക്ക് എത്തുമ്പോഴേക്കും ഇത്തരത്തിലുള്ള എന്തെങ്കിലും സ്വാധീനങ്ങൾ അവിടെ മേൽ ഉണ്ടെങ്കിൽ തുറന്നു പറയും.
ലഹരി ഉപയോഗിക്കുന്ന തുടക്കക്കാരനാണെങ്കിൽ കൗൺസിലിംഗ് മതിയാകും. കൗൺസിലിങ്ങിലൂടെയും തെറാപ്പി കളിലൂടെയും പരിഹാരം കണ്ടെത്താനാവുന്നില്ലെങ്കിൽ ശാരീരിക- മാനസിക ചികിത്സ തന്നെ വേണ്ടിവരും.തലച്ചോറിനെ കൂടി ബാധിച്ച രോഗം എന്ന നിലയിൽ സമയമെടുത്ത് സമഗ്രമായി ചികിത്സ നടത്തേണ്ടതുണ്ട് .പെട്ടെന്ന് ഫലം കണ്ടെത്തണമെന്നില്ല .മാനസികാരോഗ്യ പ്രശ്നങ്ങളുമായി അഡിക്ഷൻ ബന്ധപ്പെട്ടിരിക്കുന്നതിനാൽ അവയ്ക്കുള്ള ചികിത്സ കൂടി ചിലർക്ക് നടത്തേണ്ടി വരാം.ചിട്ടയായ ചികിത്സയിലൂടെ ലഹരിയിൽ നിന്ന് മോചിപ്പിച്ചെടുക്കാൻ സാധിക്കും.
( ട്രെയിനറും മെൻ്ററുമാണ് ലേഖകൻ . നാല് പതിറ്റാണ്ടായി ലഹരി വിരുദ്ധമേഖലയിൽ പ്രവർത്തിക്കുന്നു.)