‘മക്കളെയും കൂട്ടി പോയി മരിക്കൂ’ എന്നു പറഞ്ഞു, ഇറങ്ങിപ്പോയിട്ടും പിന്തുടർന്നെത്തി ഉപദ്രവിച്ചു…ഏറ്റുമാനൂരിലെ കൂട്ട ആത്മഹത്യയിൽ കുറ്റപത്രം
ഏറ്റൂമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യയ്ക്കു കാരണം ഭർത്താവ് നോബിയുടെ പീഡനമാണെന്ന് കുറ്റപത്രം.
ഭർത്താവായ നോബിയുടെ തൊടുപുഴയിലെ വീട്ടിൽ നിന്നും, മരിക്കുന്നതിനു മാസങ്ങൾക്കു മുൻപ് ഷൈനിയും മക്കളും ഇറങ്ങിപ്പോയിട്ടും പിന്തുടർന്നെത്തി ഉപദ്രവിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. മരിക്കുന്നതിന്റെ തലേ ദിവസവും നോബി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തിലുണ്ട്.
മരിക്കുന്നതിന്റെ തലേ ദിവസം ഫോൺ വിളിച്ചു സംസാരിച്ചപ്പോൾ ‘മക്കളെയും കൂട്ടി പോയി മരിക്കൂ’ എന്ന് നോബി പറഞ്ഞുവെന്നും ഇതാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമെന്നും കുറ്റപത്രത്തിൽ പറയുന്നു.
ഫെബ്രുവരി 28ന് പുലർച്ചെയാണ് ചുങ്കം ചേരിയിൽ വലിയപറമ്പിൽ ഷൈനി (43), മക്കളായ അലീന (11), ഇവാന (10) എന്നിവരെ പാറോലിക്കലിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുടുംബപ്രശ്നങ്ങളെത്തുടർന്നായിരുന്നു ആത്മഹത്യയെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ വ്യക്തമായി.
ഷൈനിയുടെയും മക്കളുടെയും മരണത്തിനു പിന്നാലെ നോബിയെ തൊടുപുഴയിലെ വീട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ സമഗ്ര അന്വേഷണത്തിൽ 56 സാക്ഷികളാണുള്ളത്. ഇതിൽ ഇവരുടെ മൂത്ത മകനും ഉൾപ്പെടും.. ഏറ്റുമാനൂർ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഏറ്റുമാനൂർ പൊലീസ് ഇന്നു കുറ്റപത്രം സമർപ്പിക്കും.