തിരുവനന്തപുരം: കേരളത്തിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം. കന്യാകുമാരിയിൽ നിന്ന് ദിബ്രുഗഡിലേക്ക് പോകുന്ന വിവേക് എക്സ്പ്രസിന്റെ സമയക്രമത്തിലാണ് റെയിൽവെ മാറ്റം അറിയിച്ചത്. ചൊവ്വാഴ്ച (2024 ജൂലൈ 2) വൈകുന്നേരം 5.25ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ (നമ്പർ – 22503) ചൊവ്വാഴ്ച രാത്രി 8.30 നാകും പുറപ്പെടുക.(Change in train timings in the state, notification as follows)
പെയറിങ് ട്രെയിൻ വൈകുന്നതിനാലാണ് വിവേക് എക്സ്പ്രസിന്റെ യാത്ര മൂന്ന് മണിക്കൂറും അഞ്ച് മിനിറ്റും വൈകി ആരംഭിക്കേണ്ടി വരുന്നതെന്നും റെയിൽവെ അറിയിച്ചു. ലോക്മാന്യ തിലക് ടെർമിനസ് റെയിൽവെ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നിശ്ചയിച്ചിരിക്കുന്നതിനാൽ നേത്രാവതി എക്സ്പ്രസ് ഉൾപ്പെടെ രണ്ട് ട്രെയിനുകളുടെ യാത്രാക്രമത്തിൽ മാറ്റം വരുത്തി റെയിൽവെയുടെ അറിയിപ്പ് പുറത്തിറക്കിയിരുന്നു. ജൂൺ 30 മുതൽ ജൂലൈ 30 വരെയാണ് പുനഃക്രമീകരണം.
തിരുവനന്തപുരം സെൻട്രലിൽ നിന്ന് രാവിലെ 9.15ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16346 – നേത്രാവതി എക്സ്പ്രസ് ജൂലൈ 30 വരെ പൻവേലിൽ യാത്ര അവസാനിപ്പിക്കും. പൻവേൽ മുതൽ ലോക്മാന്യ തിലക് ടെർമിനസ് വരെയുള്ള യാത്ര റദ്ദാക്കും. മംഗലാപുരം സെൻട്രലിൽ നിന്ന് ഉച്ചയ്ക്ക് 12.45ന് പുറപ്പെടുന്ന മത്സ്യഗന്ധ എക്സ്പ്രസ് ജൂലൈ 30 വരെ പൻവേലിൽ യാത്ര അവസാനിപ്പിക്കും. പൻവേൽ മുതൽ ലോക്മാന്യ തിലക് ടെർമിനസ് വരെയുള്ള യാത്ര റദ്ദാക്കും.
ലോക്മാന്യ തിലക് ടെർമിനസിൽ നിന്ന് 11.40ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന 16345 – നേത്രാവതി എക്സ്പ്രസ് ജൂലൈ 30 വരെ പൻവേലിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക. രാവിലെ 12.50ന് ആയിരിക്കും ട്രെയിൻ യാത്ര തുടങ്ങുന്നത്. ഈ ട്രെയിനിന്റെ ലോക്മാന്യ തിലക് ടെർമിനസ് മുതൽ പൻവേൽ വരെയുള്ള യാത്ര റദ്ദാക്കും. ലോക്മാന്യ തിലക് ടെർമിനസിൽ നിന്ന് വൈകുന്നേരം 03.50ന് മംഗലാപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന 12619 – മത്സ്യഗന്ധ എക്സ്പ്രസ് ജൂലൈ 30 വരെ പൻവേലിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുക. വൈകുന്നേരം 04.25ന് ആയിരിക്കും ട്രെയിൻ യാത്ര തുടങ്ങുന്നത്. ഈ ട്രെയിനിന്റെ ലോക്മാന്യ തിലക് ടെർമിനസ് മുതൽ പൻവേൽ വരെയുള്ള യാത്ര റദ്ദാക്കും.
Read Also: ഉപാധികളോടെ സിനഡ് കുർബാന നടത്തും, സിറോ മലബാർ സഭയിൽ സമവായം
Read Also: സംഭവിക്കുന്നത് അത്ഭുതമോ?,ദിവസങ്ങൾകൊണ്ട് കൽക്കി നേടിയതിന്റെ കണക്കുകൾ ഞെട്ടിക്കുന്നത്
Read Also: ഈ മാസം തുടർച്ചയായി നാലു ദിവസം അവധി; റേഷൻ വിതരണം താറുമാറാകുമോ?