തിരുവനന്തപുരം: പുതുപ്പള്ളി നിയമസഭ ഉപതിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ ചാണ്ടി ഉമ്മൻ തിങ്കളാഴ്ച്ച എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്യും. പതിനഞ്ചാം നിയമസഭയുടെ ഒൻപതാമത്തെ സമ്മേളനം തിങ്കളാഴ്ച്ചയാണ് ആരംഭിക്കുന്നത്. ആഗസ്ത് 11ന് ആരംഭിച്ച് സെപ്ന്റബർ പതിനാലിന് സമാപിക്കുന്ന രീതിയിലാണ് സമ്മേളനം വിളിച്ച് ചേർത്തിരിക്കുന്നത്. അതിലെ ആദ്യ ദിനം തന്നെ പുതിയ അംഗമായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്യും. അതിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ ചാണ്ടി ഉമ്മനെ വിജയിച്ചത് പ്രഖ്യാപിച്ച് കൊണ്ടുള്ള സർട്ടിഫിക്കറ്റും കത്തും നിയമസഭാ സ്പീക്കർക്ക് കൈമാറും. ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് പ്രത്യേക സമ്മേളനത്തിൽ പങ്കെടുക്കാനാണ് ചാണ്ടി ഉമ്മനും സഹോദരിയും നിയമസഭയിൽ അവസാനമായി കയറിയത്. ഇനി എം.എൽ.എയായി ചാണ്ടി ഉമ്മൻ തിരുവനന്തപുരത്ത് എത്തും. ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളി ഹൗസിലായിരിക്കും തിരുവനന്തപുരത്ത് ചാണ്ടി ഉമ്മനും താമസിക്കുക. നിയമസഭ സ്പീക്കർ അനുവദിക്കുന്ന പ്രത്യേക ഫ്ലാറ്റ് പ്രവർത്തകർക്കായി നൽകുമെന്ന് അദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.