ന്യൂഡൽഹി: ബേബി ഫുഡ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന നെസ്‌ലെക്കെതിരെ നടപടിക്കൊരുങ്ങി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം. ഇന്ത്യയിൽ വിൽക്കുന്ന ബേബി ഫുഡ് ഉൽപ്പന്നങ്ങളിൽ അമിതമായ അളവിൽ പഞ്ചസാരയുടെ സാന്നിധ്യമെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്പനിക്കെതിരെ നടപടിയെടുക്കാൻ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയോട്( എഫ്.എസ്.എസ്.എ.ഐ) കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. എഫ്.എസ്.എസ്.എ.ഐ സി.ഇ.ഒക്ക് ഉപഭോക്തൃ കാര്യവകുപ്പ് സെക്രട്ടറി കത്ത് നൽകിയിട്ടുണ്ട്.
സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പബ്ലിക് ഐ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ വിൽക്കുന്ന നെസ്‌ലെ ഉൽപ്പന്നങ്ങളിൽ കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന തരത്തിൽ പഞ്ചസാരയുടെ അംശം ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അതേസമയം യുകെ, ജർമ്മനി, സ്വിറ്റ്സർലൻഡ്, മറ്റ് വികസിത രാജ്യങ്ങൾ എന്നിവിടങ്ങളിൽ വിൽക്കുന്ന ഇതേ ഉൽപ്പനങ്ങളിൽ പഞ്ചസാര ചേർക്കുന്നില്ലെന്നും സ്വിസ് അന്വേഷണ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിൽ വിൽക്കുന്ന സെറിലാക്കിന്റെ ഓരോ സ്പൂണിലും 2.7 ഗ്രാം പഞ്ചസാരയാണ് അടങ്ങിയിട്ടുള്ളത്. എത്യോപ്യയിലും തായ്ലൻഡിലും വിൽക്കുന്ന സെറിലാക്കിൽ ഒരു സ്പൂണിൽ ഏകദേശം 6 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് പഠനം പറയുന്നു. ഇതേ ഉൽപ്പന്നം ജർമ്മനിയിലും യുകെയിലും ഒട്ടും പഞ്ചസാര ചേർക്കാതെയാണ് വിൽക്കുന്നത്. സെറിലാക്കിന്റെ പാക്കറ്റിന് പുറത്ത് പഞ്ചസാര ചേർത്തതിനെക്കുറിച്ച് സൂചിപ്പിക്കുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. കുട്ടികൾക്കുള്ള ഭക്ഷ്യവസ്തുക്കളിൽ സപ്ലിമെന്ററി ഷുഗർ നിരോധിക്കണമെന്ന് ലോകാരോഗ്യ സംഘടന അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.