ഭുവനേശ്വർ: കൈക്കൂലി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ ഡെപ്യൂട്ടി ഡയറക്ടറെ അറസ്റ്റ് ചെയ്ത് സിബിഐ . ഭുവനേശ്വറിലുള്ള ഒരു ബിസിനസുകാരനിൽ നിന്ന് ഇഡി ഡെപ്യൂട്ടി ഡയറക്ടർ ചിന്തൻ രഘുവംശി 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയെ തുടർന്നാണ് അറസ്റ്റ്.
ധെങ്കനാലിൽ ഖനന ബിസിനസ് നടത്തുന്ന വ്യവസായി രതികാന്ത റൗട്ടിനെതിരെ രജിസ്റ്റർ ചെയ്ത ഇഡി കേസിൽ നിന്ന് ഒഴിവാക്കിക്കൊടുത്തതിന് 5 കോടി രൂപ ആവശ്യപ്പെട്ടെന്നാണ് ചിന്തൻ രഘുവംശിക്കെതിരെയുള്ള ആരോപണം. കൈക്കൂലി തുകയുടെ ആദ്യ ഗഡു വാങ്ങാൻ പോകുന്നുവെന്ന സൂചന ലഭിച്ചതിനെത്തുടർന്ന് സിബിഐ കെണി ഒരുക്കുകയായിരുന്നു.
ഈ വർഷം മാർച്ചിൽ ഭുവനേശ്വറിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യാൻ രതികാന്ത റൗട്ടിനെ നേരിട്ടി വിളിപ്പിച്ചിരുന്നു. ഈ സമയത്ത് കേസിൽ നിന്ന് ഒഴിവായി കിട്ടാൻ രഘുവംശി തന്റെ ചേംബറിലേയ്ക്ക് വ്യവസായിയെ വിളിപ്പിക്കുകയും ഭാഗ്തി എന്ന വ്യക്തിയെ കാണാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അന്നു മുതൽ ഭാഗ്തി എന്നയാൾ ബന്ധപ്പെട്ടിരുന്നുവെന്നും രഘുവംശിക്ക് പണം നൽകാൻ സമ്മർദം ചെലുത്തിയെന്നുമാണ് മുഖ്യ ആരോപണം. മെയ് 27ന് ഭാഗ്തി വ്യവസായിയെ കാണുകയും ആശുപത്രി ജപ്തി ചെയ്യാതിരിക്കാനും അറസ്റ്റ് ചെയ്യാതിരിക്കാനും കേസ് ഒത്തുതീർപ്പാക്കുന്നതിനും 5 കോടി രൂപ ആവശ്യപ്പെട്ടെന്നും സിബിഐ തയ്യാറാക്കിയ എഫ്‌ഐആറിൽ പറയുന്നു.
ഇത്രയും വലിയ തുക സംഘടിപ്പിക്കാൻ കഴിയില്ലെന്ന് അറിയിച്ചതോടെ 2 കോടി രൂപയായി കുറയ്ക്കാമെന്ന് പറയുകയായിരുന്നു. 2013 ബാച്ച് കസ്റ്റംസ് ആന്റ് ഇൻഡയറക്ട് ടാക്‌സസിലെ ഐആർഎസ് ഉദ്യോഗസ്ഥനായ രഘുവംശിയെ ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.