തിരുവനന്തപുരം: കല്യാണ ബസിൽ പാട്ട് വച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ദമ്പതികൾക്കും ഒന്നര വയസുള്ള കുഞ്ഞിനും പരിക്ക്. നെടുമങ്ങാട് ഗ്രീൻലാൻഡ് ഓഡിറ്റോറിയത്തിൽ വെച്ചാണ് വിവാഹസത്‌കാരത്തിനിടെ സംഘർഷമുണ്ടായത്. ഇന്നലെയാണ് സംഭവം നടന്നത്. നെടുമങ്ങാട് സ്വദേശിയുടെയും കല്ലറ സ്വദേശിനിയുടെയും വിവാഹ സത്‌കാരത്തിനിടെയാണ് തർക്കം നടന്നത്.(Case against four people including a retired police officer)
പെൺകുട്ടിയുടെ ബന്ധുക്കൾ സഞ്ചരിച്ച ബസിൽ പാട്ട് വച്ചതുമായി ബന്ധപ്പട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. ബസിൽ നിന്ന് ആളുകൾ ഓഡിറ്റോറിയത്തിലേയ്ക്ക് ഇറങ്ങുന്നതിനിടെ ഇതുസംബന്ധിച്ച് വാക്കുതർക്കവും അടിപിടിയും ഉണ്ടാവുകയായിരുന്നു. അൻസി, ഭർത്താവ് ഷെഫീഖ്, ഇവരുടെ ഒന്നര വയസുള്ള മകൻ ഷെഫാൻ എന്നിവരെ ഫൈസൽ, ഷാഹിദ്, റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ ജലാലുദ്ദീൻ, ഷാജി എന്നിവർ ചേർന്ന് ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് പരാതി.
സംഭവമറിഞ്ഞ് എത്തിയ ഉദ്യോഗസ്ഥരുടെ നേർക്കും കയ്യേറ്റമുണ്ടായി. ഇതേ തുടർന്ന് എസ് ഐയ്ക്ക് പരിക്കേറ്റു. തുടർന്ന് അദ്ദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഘർഷത്തിൽ പരിക്കേറ്റ അൻസിയെയും മകനെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിനും തലയ്ക്കും പരിക്കേറ്റതിനാൽ കുഞ്ഞിനെ പിന്നീട് എസ് എ ടി ആശുപത്രിയിലേയ്ക്ക് മാറ്റി.
സംഭവത്തിൽ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു. ഇതിൽ ഫൈസൽ, ഷാഹിദ് എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.