ഏലത്തിനും കുരുമുളകിനും പൊന്നും വില
കട്ടപ്പന: ഉത്പാദനക്കുറവും അഭ്യന്തര വിപണിയിൽലെ ഉയർന്ന ആവശ്യവും മൂലം ഏലം കുരുമുളക് വിലകളിൽ വർധനവ് ഉണ്ടായെങ്കിലും ഇടുക്കിയിലെ കർഷകർക്ക് പൂർണമായും പ്രയോജനപ്പെടുത്താനാകുന്നില്ല.
ചിലവ് കുറഞ്ഞതാണ് വില വർധിച്ചപ്പോഴും കർഷകർക്ക് പ്രതിസന്ധിയ്ക്ക് കാരണമായത്. എന്നാൽ മുന്നോട്ട് വില ഉയർന്നു നിന്നാൽ ഏറെക്കാലമായി സാമ്പത്തിക മാന്ദ്യത്തിൽ അകപ്പെട്ട ഹൈറേഞ്ചിലെ വിപണികളിലും പ്രതിഭലനം ഉണ്ടാകും. കോവിഡ് സമ്പർക്ക വിലക്ക് കാലത്ത് ഹൈറേഞ്ചിലെ ആഭ്യന്തര വിപണിയിൽ ആവശ്യക്കാർ ഇല്ലാതായതോടെ കിലോയ്ക്ക് 250-270 രൂപയായിരുന്നു മുളകിന് നിലവിൽ 660 രൂപ വില ലഭിക്കുന്നുണ്ട്.
വിലയിടിവിനെ തുടർന്ന് ഹൈറേഞ്ചിലെ കർഷകരിൽ പലരും ഭാഗികമായി കുരുമുളക് കൃഷിയിൽ നിന്നും പിന്മാറിയതും രോഗങ്ങൾ കീഴടക്കിയതും കുരുമുളക് ഉത്പാദനം ഇടിയാൻ കാരണമായി ഇതാണ് ഗുണമേന്മയേറിയ ഹൈറേഞ്ച് കുരുമുളകിന്റെ വില ഉയരാൻ കാരണമായത്. വിലയിടിഞ്ഞ സമയത്ത് കർഷകരിൽ പലരും തങ്ങളുടെ കൈയിലുള്ള മുളക് വിൽക്കാൻ തയാറായിരുന്നില്ലല്ല. ഹേറേഞ്ചിലെ വ്യാപാരികളിൽ പലരും വില ഉയരുമെന്ന പ്രതീക്ഷയിൽ കുറഞ്ഞ വിലയ്ക്ക് വാങ്ങിയ മുളക് സംഭരിക്കുകയും ചെയ്തു.
ഇപ്പോഴുണ്ടായ നേരിയ വില വർധനവ് തങ്ങൾക്ക് ആശ്വാസമായെന്ന് വ്യാപാരികളും കർഷകരും പറയുന്നു. ഒൻപതു വർഷം മുൻപ് കുരുമുളകിന് കിലോയ്ക്ക് 700 രൂപവരെ വില കിട്ടിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായിരുന്നു കുരുമുളകിന്റെ വിലയിടിച്ചിൽ .ഇതോടെയാണ് കർഷകരും വ്യാപാരികളും ഒരുപോലെ കുരുമുളകിനെ കൈവിട്ടു. ഇറക്കുമതിയായിരുന്നു കുരുമുളകിന്റെ വിലയിടിവിന് കാരണം. ശ്രീലങ്ക, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയാണ് അന്ന് കുരുമളക് കർഷകരെ ഏറ്റവുമധികം ബാധിച്ചത്.
ഒരു മാസത്തോളമായി ഇടുക്കിയിൽ ഏലത്തിനും മികച്ച വിലയാണ് ലഭിക്കുന്നത്. ശനിയാഴ്ച ഗ്രീൻ ഹൗസ് കാഡമം മാർക്കറ്റിങ്ങ് ഇന്ത്യ നടത്തിയ ഇ – ലേലത്തിൽ 3120 രൂപ ഉയർന്ന വിലയായി ലഭിച്ചു. ശരാശരി വില 2718 രൂപയും ലഭിച്ചിരുന്നു. ഇതോടെ പ്രാദേശിക കമ്പോളങ്ങളിലും 2750 രൂപവരെ ഏലക്ക വില ലഭിക്കുന്നുണ്ട്. ഓണനാളിൽ വരെ വില ഉയർന്നു നിന്നാൽ വിപണിയ്ക്ക് ഗുണം ചെയ്യുമെന്ന് പ്രാദേശിക വ്യാപാരികളും പറയുന്നു.
2019 ഓഗസ്റ്റ് മൂന്നിനാണ് ഏലത്തിന് റെക്കോഡ് വില ലഭിക്കുന്നത് അന്ന് പുറ്റടി സ്പൈസസ് പാർക്കിൽ നടന്ന ഇ-ലേലത്തിൽ കിലോയ്ക്ക് 7000 രൂപ ലഭിച്ചു. കട്ടപ്പന ,അണക്കര കമ്പോളങ്ങളിലും 6000 രൂപയോളം വില ലഭിച്ചിരുന്നു. എന്നാൽ പിന്നീട് വില താഴ്ന്ന് കിലോയ്ക്ക് 900 രൂപയിലേക്ക് കൂപ്പുകുത്തി.
ഉത്പാദനം കുത്തനെ ഇടിയുകയും കമ്പോളത്തിലെത്തുന്ന ഏലക്കായയുടെ അളവിൽ കുറവുണ്ടാകുകയും ചെയ്തതോടെ ഏലക്കായ വില നേരിയ തോതിൽ ഉയർന്നു. സെപ്റ്റംബർ ആദ്യവാരം 2000-2100 രൂപ വിലയുണ്ടായിരുന്ന ശരാശരി ഗുണമേന്മയുള്ള ഏലക്കായക്ക് നിലവിൽ 3000 രൂപവരെ വില ലഭിക്കുന്നുണ്ട്.
ബുധനാഴ്ച നടന്ന ഇ-ലേലത്തിൽ 3006 രൂപ ശരാശരി വില ലഭിച്ചു. ഉയർന്ന വിലയായി 4002 രൂപയും ലഭിച്ചതോടെ കർഷകർ ആവേശത്തിലാണ്. എന്നാൽ ജലസേചന സൗകര്യമുള്ള കർഷകർക്കും എസ്റ്റേറ്റുകളിലുമാണ് നിലവിൽ ഉത്പാദനം നടക്കുന്നത്.
ചെറുകിട കർഷകരുടെ തോ ട്ടത്തിൽ ഉത്പാദനം കുത്തനെ താഴ്ന്ന നിലയിലാണ്.
ഉഷ്ണ തരംഗത്തിൽ ഏലച്ചെടികൾ ഉണങ്ങി നശിച്ചതും തുടർന്നുണ്ടായ അതിവർഷത്തിൽ ബാക്കിയുള്ളവ അഴുകി നശിച്ചതുമാണ് ഏലക്കായയുടെ ഉത്പാദനം കുത്തനെ ഇടിയാൻ കാരണമായത്.
ജൂൺ മാസത്തിൽ തന്നെ ഉത്പാദനം ഇടിഞ്ഞെങ്കിലും ഇരിപ്പുകായ ( സംഭരിച്ചുവെച്ച ഏലക്കായ) വൻ തോതിൽ കമ്പോളത്തിൽ എത്തിയതിനാൽ വില വർധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ സംഭരിച്ചുവെച്ച് എലക്കായ ചെലവായതിനാൽ കമ്പോളത്തിൽ നടപ്പുകായ (വിളവെടുത്ത ഉടനെയുള്ള ഏലക്കായ ) മാത്രമാണ് കമ്പോളത്തിൽ എത്തുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിൽ ചെടികൾ നശിച്ചതോടെ കുറഞ്ഞ അളവിലാണ് നടപ്പുകായ എത്തുന്നത്. കാലാവസ്ഥാ വ്യതിയാനത്തിൽ നശിച്ചുപോയ ഏലത്തോട്ടങ്ങളിൽ പുതിയ ചെടികൾ വെച്ചുപിടിപ്പിക്കാൻ കർഷകർ ശ്രമിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തതും തട്ടയ്ക്ക് ( പുനർകൃഷിക്കുള്ള ഏലച്ചെടി ) വില ഉയർന്നതും തിരിച്ചടിയാകുന്നുണ്ട്.
മുൻപ് 60 രൂപയുണ്ടായിരുന്ന ഏലത്തട്ടയൊന്നിന് 100 രൂപയ്ക്ക് മുകളിലാണ് ഇപ്പോൾ വില. ഉത്പാദനം ഉടനെ വൻ തോതിൽ ഉയരാത്തതും വേനൽ കടുക്കുന്നതും ഏലം വില മെച്ചപ്പെടുത്തുമെന്നാണ് വ്യാപാരികൾ പറയുന്നത്.
English Summary :
Cardamom and pepper prices in India rise due to low production and high demand, but Idukki farmers fail to gain full benefit.
cardamom-pepper-price-hike-idukki-farmers
Cardamom price, Pepper price, Idukki farmers, Kerala spices, Indian spice market, black pepper demand, cardamom production, Kerala agriculture news









