മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ ചിത്രം തെളിഞ്ഞതോടെ മത്സരത്തിന്റെ ചൂടേറിയിരിക്കുകയാണ്. നാമനിർദേശ പത്രികയോടൊപ്പം പുറത്തു വന്ന സ്ഥാനാർത്ഥികളുടെ സ്വത്തു വിവരങ്ങൾക്കൊപ്പം, അവരുടെ കൈവശമുള്ള വാഹനങ്ങളും സമൂഹമാധ്യമങ്ങളിൽ അടക്കം ചർച്ചയായി മാറിക്കഴിഞ്ഞു.
ഇടതു സ്ഥാനാർത്ഥി എം സ്വരാജിന് സ്വന്തമായി കാറില്ല. എന്നാൽ അദ്ദേഹത്തിന്റഎ ഭാര്യയുടെ പേരിൽ രണ്ടു കാറുണ്ടെന്നാണ് നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
ആകെ 63 ലക്ഷം രൂപയുടെ ആസ്തിയുണ്ടെന്നാണ് സ്വരാജ് വ്യക്തമാക്കി. ഭാര്യയ്ക്ക് രണ്ടു കാറുകളുണ്ട്. ഒന്ന് 2025 മോഡൽ മെറിഡിയൻ ലോംഗിറ്റിയൂഡ് പ്ലസ്. 36 ലക്ഷം രൂപയാണ് സത്യവാങ്മൂലത്തിൽ ഈ വാഹനത്തിൽ കാണിച്ചിരിക്കുന്ന വില.
ഇതുകൂടാതെ നാലുലക്ഷത്തിലേറെ രൂപ വില വരുന്ന 2013 മോഡൽ ഫോർഡ് ഫിഗോ കാറും ഭാര്യയ്ക്ക് ഉണ്ടെന്ന് സ്വരാജ് വ്യക്തമാക്കിയിട്ടുണ്ട്.
എട്ടുകോടിയുടെ ആസ്തിയുണ്ട് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്. എന്നാൽ സ്വന്തമായി വാഹനമില്ല. ഭാര്യയുടെ പേരിൽ 2,50,000 രൂപ വിലയുള്ള 2018 മോഡൽ നിസാൻ മൈക്രയും 3,50,000 രൂപ വില വരുന്ന എറ്റിയോസ് ലിവയുമാണുള്ളത്.
52 കോടി രൂപയുടെ ആസ്തിയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവറിന് 2016 മോഡൽ ടൊയോട്ട ഇന്നോവയാണ് സ്വന്തമായുള്ളത്. 16.45 ലക്ഷം രൂപയാണ് ഇതിന് വിലയായി കാണിച്ചിരിക്കുന്നത്. അൻവറിന് രണ്ടു ഭാര്യമാരുണ്ട്. എന്നാൽ അവരുടെ പേരിൽ വാഹനങ്ങൾ ഇല്ല.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന പി.വി.അൻവറിന്റെ സ്ഥാവര-ജംഗമ ആസ്തികളുടെ മൊത്തംമൂല്യം 34.07 കോടി രൂപയാണ്. കൂടാതെ 20.60 കോടി രൂപയുടെ ബാധ്യതയും അൻവറിനുണ്ട്. തിരഞ്ഞെടുപ്പ് നാമനിർദേശത്തോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് അൻവർ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
കൈവശമുള്ള പണം ആകെ 25000 രൂപയാണെന്നും അൻവർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. രണ്ട് ഭാര്യമാരുടെ കൈവശവും 10000 രൂപ വീതമുണ്ട്. എന്നാൽ 1.06 കോടി രൂപ വിലമതിക്കുന്ന 150 പവൻ ആഭരണം ഓരോ ഭാര്യമാരുടെയും പക്കലുമുണ്ട്. 18.14 കോടി രൂപയുടെ ജംഗമ ആസ്തിയാണ് ആകെ അൻവറിനുള്ളത്. ബാങ്ക് വായ്പയും മറ്റുമായി 20 കോടിയുടെ ബാധ്യതയും. 2021-ൽ മത്സരിച്ചപ്പോൾ 18.57 കോടി രൂപയായിരുന്നു അൻവറിന്റെ ജംഗമ ആസ്തി. 16.94 കോടി രൂപയുടെ ബാധ്യതയും.
ബിജെപി സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ്ജിനും സ്വന്തമായി കാറില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ ഭാര്യയ്ക്ക് 10 ലക്ഷം രൂപ വിലമതിക്കുന്ന മാരുതി കാറുണ്ട്. എസ്ഡിപിഐ സ്ഥാനാർത്ഥി സാദിഖ് നടുത്തൊടിയുടെ കൈവശം 2023 മോഡൽ ഹ്യൂണ്ടായ് ഐ20യാണുള്ളത്. എട്ടുലക്ഷം രൂപ വിലയാണ് ഇതിനു കാണിച്ചിരിക്കുന്നത്. ഹോണ്ടയുടെ ഇരുചക്രവാഹനവും ഇദ്ദേഹത്തിന് സ്വന്തമായുണ്ട്.